കേരള മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ അനുകരിച്ച് കൈയടി നേടിയ മിമിക്രി, സിനിമാ താരമാണ് കോട്ടയം നസീർ. പ്രിയ നേതാവിന്റെ വിയോഗം അദ്ദേഹത്തെ വളരെയധികം ദുഖത്തിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം.
ഇനിയൊരിക്കലും ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ. അദ്ദേഹത്തിന്റെ വേർപാടിൽ ഏറെ വിഷമമുണ്ട്. ആരേയും വേദനിപ്പിക്കാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും നടൻ കൂട്ടിച്ചേർത്തു. ഇനിയൊരിക്കലും അദ്ദേഹത്തെ അനുകരിക്കില്ല. അത് തെറ്റാണെന്നാണ് വിശ്വാസമെന്നും താരം വ്യക്തമാക്കി. എതിരാളികളെ പോലും വേദനിപ്പിക്കാതെ സംസാരിക്കുന്ന ആളായിരുന്നു. വ്യക്തിപരമായി പറയുകയാണെങ്കിൽ സഹോദരന് തുല്യം പോലെ ചേർത്തുപിടിച്ചിട്ടുളള ആളാണ് അദ്ദേഹം. അത്രയും നല്ലൊരു വ്യക്തിത്വം വിട്ടുപോകുന്നതിൽ ഒരുപാട് വിഷമമുണ്ട്.
അനുകരണത്തെ ഇഷ്ടപ്പെടുകയും അതിനെ പോസിറ്റീവായി മാത്രം സമീപിക്കുന്ന ആളുമായിരുന്നു ഉമ്മൻ ചാണ്ടി സാർ. ടെലിവിഷൻ ചാനലിൽ കോട്ടയം നസീർ എന്ന ഷോ ചെയ്യുന്ന സമയത്താണ് ആന്റണി സാർ രാജിവയ്ക്കുന്നതും ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയാകുന്നതു. അന്ന് മുതൽ അദ്ദേഹത്തെ അനുകരിക്കാൻ തുടങ്ങിയതാണ്. ഒരിക്കൽ ഒരു പരിപാടിയിൽ ഉമ്മൻ ചാണ്ടി സാറിനെ അനുകരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹം അവിടേക്ക് വന്നു. അനുകരണം കണ്ട് ചേർത്തുപിടിച്ചിട്ട് പറഞ്ഞു സാർ എത്താൻ വൈകിയതുകൊണ്ട് ആ ഗ്യാപ്പ് ഫിൽ ചെയ്തുവല്ലേ എന്ന്, താരം കൂട്ടിച്ചേർത്തു.