ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തിയ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രമായ ‘നേര്’ ബോക്സ്ഓഫീസിൽ ഹിറ്റാകുന്നു. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 30 കോടി പിന്നിട്ടതായാണ് റിപ്പോർട്ട്. ട്രേഡ് അനലിസ്‌റ്റ് എ.ബി ജോർജാണ് കലക്ഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ റെക്കോർഡ് കലക്ഷനാണ് തിയേറ്ററുകളിൽ നിന്നും ചിത്രം നേടിയത്. വിദേശത്ത് നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയാണ് നേര്. അതോടൊപ്പം ശക്‌തമായ കുടുംബ ബന്ധങ്ങളിലൂടെയും ചിത്രം സഞ്ചരിക്കുന്നുണ്ട്.
ചിത്രത്തിൽ അഭിഭാഷകനായെത്തുന്ന മോഹൻലാലിൻ്റെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കൂടാതെ അനശ്വര രാജന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ഈ സിനിമയിലേതെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിൽ അഭിഭാഷകനായെത്തുന്ന സിദ്ദിഖ് വേറിട്ട അഭിനയമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.
#NERU CROSSED 30+ CRORES GROSS COLLECTION from WORLDWIDE MARKET.
BIGGEST SINGLE DAY LOADING in Kerala Box Office.
& SUPERB ADVANCE for tomorrow.
— AB George (@AbGeorge_) December 25, 2023
ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് നേരിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിൻ്റോ, രശ്‌മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.