ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ആവേശകരമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരത്തിലാണ് നീരജ് വെള്ളി മെഡല്‍ നേടിയത്. ആദ്യ ശ്രമത്തില്‍ത്തന്നെ 90.46 മീറ്റര്‍ ദൂരം പിന്നിട്ട നിലവിലെ ചാംപ്യന്‍ ഗ്രനാഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സന് സ്വര്‍ണം നിലനിര്‍ത്തിയപ്പോൾ നാലാം ശ്രമത്തിലാണ് നീരജ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 2019ല്‍ 86.89 മീറ്റര്‍ ദൂരം കണ്ടെത്തി പീറ്റേഴ്സന് സ്വര്‍ണം നേടിയിരുന്നു.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം ആണിത്. അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരവും നീരജ് ചോപ്രയാണ്. മലയാളിയായ അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് ചോപ്ര. 19 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 2003ല്‍ മലയാളി ലോങ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു മെഡല്‍.
89.94 ദൂരം ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാൽ മാത്രമേ ചോപ്രയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. ഫൗളുമായി പോരാട്ടം തുടങ്ങിയ നീരജ് ചോപ്ര, രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍ ദൂരത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ ദൂരം കണ്ടെത്തി നാലാം സ്ഥാനത്തെത്തുകയും ചെയ്തു. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10-ാം സ്ഥാനത്തോടെ മെഡല്‍ പോരാട്ടത്തില്‍ നിന്ന് പുറത്തായിരുന്നു.