സിനിമയിൽ 20 വർഷം പൂർത്തിയാക്കി നയൻതാര. ഈ വേളയിൽ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് താരം. താരം ഇന്ന് ഇവിടെ നിൽക്കാൻ കാരണം ആരാധകരാണെന്നും സ്നേഹവും പിന്തുണയും ഇല്ലായിരുന്നുവെങ്കിൽ തന്റെ യാത്ര അപൂർണ്ണമാകുമായിരുന്നു എന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ഈ വിജയം എന്റെ ആരാധകർക്കായി സമർപ്പിക്കുന്നു. 20 വർഷത്തിനു ശേഷവും ഞാൻ ഇവിടെ നിൽക്കാൻ കാരണം നിങ്ങളാണ്. എന്റെ കരിയറിന്റെ ഹൃദയമിടിപ്പും വീണ്ടും മുന്നോട്ട് സഞ്ചരിക്കാനുള്ള ഊർജവും നിങ്ങളാണ്. വീഴുമ്പോഴെല്ലാം എന്നെ പിടിച്ച് ഉയർത്തിയതും നിങ്ങളാണ്. നിങ്ങളില്ലാത്ത എന്റെ യാത്ര അപൂർണ്ണമാണ്. സിനിമ എന്നതിൽ ഉപരി ഓരോ പ്രൊജക്റ്റും മികച്ചതാക്കി മാറ്റുന്നത് നിങ്ങളുടെ സപ്പോർട്ടുകൊണ്ടുള്ള മാജിക്കാണ്. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണയും പ്രചോദനവുമാണ് എന്നെ രൂപപ്പെടുത്തിയത്. എപ്പോഴും സ്നേഹിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം നയൻതാര’- താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കുടുംബവും സിനിമ ജീവിതവും ഒന്നിച്ചുകൊണ്ടു പോവുകയാണ് താരമിപ്പോൾ. ‘അന്നപൂരണി’ ആണ് താരത്തിന്റെതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഈ വർഷത്തെ നയൻതാരയുടെ മറ്റൊരു റിലീസ് ഷാറൂഖ് ഖാൻ നായകനായെത്തിയ ‘ജവാൻ’ ആയിരുന്നു. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. ‘മണ്ണാങ്കട്ടി സിൻസ് 1960’, ‘ടെസ്റ്റ്’ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.