യുവജനോത്സവ വേദിയിൽ കലാമികവ് തെളിയിച്ചുകൊണ്ട് സിനിമയിലെത്തിയ മലയാളി താരമാണ് നവ്യ നായർ. നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത അവർ ഏവരുടെയും ഇഷ്ട താരം കൂടിയാണ്. നവ്യ സ്വീകരിക്കുന്ന പല നിലപാടുകൾക്കും സോഷ്യൽ മീഡിയ കയ്യടിക്കാറുണ്ട്. ഇപ്പോഴിതാ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
താരങ്ങൾ യുവജനോത്സവത്തിന് വൻ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശനത്തിന് മറുപടിയായാണ് നവ്യ നായര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്നും സർവകലാശാല കലോത്സവ നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശിവൻകുട്ടി പറഞ്ഞു. സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്നും വന്ന വഴി ഒരിക്കലും മറക്കില്ലെന്നും കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ നവ്യ പറഞ്ഞു.
‘ഞാൻ വന്ന വഴി മറക്കില്ല. പ്രതിഫലം വാങ്ങിയിട്ടല്ല കലോത്സവത്തിനെത്തിയത്. ഇന്ന് കലാലയങ്ങളിൽ ഒരുപാടു ജീവനുകൾ നഷ്ടമാകുന്നുണ്ട്. രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയക്കുന്നത്. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണമെന്നാണ് ഇന്ന് ഓരോ മാതാപിതാക്കളുടെയും ആഗ്രഹം. സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കുന്നുണ്ടെന്ന് തോന്നുന്നു. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകൾക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ജീവിതം അടിച്ചു പൊളിക്കേണ്ട കാലമാണ്. നല്ല മനുഷ്യരായി ജീവിക്കണം’- നവ്യ വിദ്യാർഥികളോടായി പറഞ്ഞു.