ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന തന്റെ പുതിയ ചിത്രത്തോടെ അഭിനയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് തമിഴ് സൂപ്പർതാരം വിജയ്. ഇതോടെ നിരവധി ആരാധകരാണ് നിരാശരായിരിക്കുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് നടി നസ്രിയ. അജിത്തിന്റെ ആരാധികയായിട്ടും വിജയ് അഭിനയം നിർത്തുന്നതിൽ ഏറെ വിഷമമുണ്ടെനാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നസ്രിയ തന്റെ ദുഃഖം പ്രകടിപ്പിച്ചിരിക്കുന്നത്. “അജിത്ത് സാറിൻ്റെ കടുത്ത ആരാധികയായിട്ടും ദളപതി 69 വിജയ് സാറിന്റെ അവസാന ചിത്രം ആയിരിക്കുമെന്നത് ഏറെ വിഷമിപ്പിക്കുന്നു. ആ ഇതിഹാസത്തിൻ്റെ അവസാന പ്രകടനം എന്നത് ശരിക്കും ഒരേ സമയം സന്തോഷവും വേദനയുമുണ്ടാക്കുന്നു” എന്നാണ് നസ്രിയ കുറിച്ചത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 എന്ന ചിത്രം കെ.വി.എൻ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമിക്കുന്നത് വെങ്കട്ട് കെ നാരായണ ആണ്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും.