മലയാള സിനിമകൾ തുടരെത്തുടരെ തിയേറ്ററിൽ കോടികളാണ് വാരുന്നത്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത് കോടികളുടെ കളക്ഷൻ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ് നായകനായ ‘നടികർ’. മെയ് 3ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനത്തിൽ ബോക്സോഫീസിൽ നിന്ന് 5.39 കോടിയാണ് സ്വന്തമാക്കിയത്.
സിനിമയുടെ ആദ്യ ദിനത്തിലെ ആഗോള കലക്ഷനാണിത്. ഒരു ടൊവിനോ ചിത്രത്തിന് ഇതാദ്യമായാണ് റിലീസ് ദിവസം ഇത്രയധികം ഉയർന്ന കളക്ഷൻ ലഭിക്കുന്നത്. ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറാണ്.
സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സെലിബ്രേഷൻ മൂഡും സ്റ്റൈലിഷ് ഫ്രെയിമും നിറഞ്ഞ ഡേവിഡ് പടിക്കലിന്റെ സ്വപ്നതുല്യമായ ജീവിതത്തിലൂടെയാണ് സിനിമ പ്രേക്ഷകരെ നടത്തുന്നത്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികർ സിനിമയ്ക്കുണ്ട്.