സൗദി അറേബ്യയിലെ ടീച്ചർമാർക്ക് മ്യൂസിക് പരിശീലനം നൽകാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കുഞ്ഞുങ്ങൾക്ക് ഇനി പാട്ടുപാടി പഠിക്കാം. കുട്ടിക്കാലം മുതൽ തന്നെ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ സംഗീത അഭിരുചിയും വളർത്താനുള്ള പദ്ധതിയാണ് സൗദിയിലെ വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രാലങ്ങൾ ഒരുക്കുന്നത്. കിന്റർ ഗാർഡൻ-പ്രീ സ്കൂളുകളിലെ അധ്യാപകർക്ക് സംഗീതത്തിൽ പരിശീലനം നൽകുന്നതിനുള്ള യോഗ്യതാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ട രജിസ്ട്രേഷൻ സൗദി സാംസ്കാരിക, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
പൊതു-സ്വകാര്യ പ്രീ സ്കൂളുകളിലെ 8,000 കിന്റർഗാർഡൻ അധ്യാപകരെ അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള സഹായം നൽകുക എന്ന ലക്ഷ്യമിട്ടാണ് പദ്ധതി ഒരുക്കുന്നത്. സെപ്റ്റംബർ മാസം തുടർച്ചയായി നാലാഴ്ചകാലം പദ്ധതി നടപ്പാക്കും. സെപ്റ്റംബർ മൂന്ന് മുതൽ 28 വരെ നീളുന്ന പരിപാടിയിൽ ആകെ 49 മണിക്കൂർ പരിശീലനം നൽകുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്.
അതേസമയം സ്കൂൾ പാഠ്യപദ്ധതിയിൽ സംഗീതം ഉൾപ്പെടുത്താനും സൗദിയിലെ കുഞ്ഞുങ്ങളെ ചെറുപ്പം മുതൽക്കേ സംഗീതത്തിലേക്ക് അടുപ്പിക്കാനും ബൗദ്ധികവും ഭാഷാപരവുമായ വികാസത്തിന് സഹായിക്കാനും പദ്ധതിയിലൂടെ സാധിക്കും. കൂടാതെ സാമൂഹിക വൈകാരിക വൈദഗ്ധ്യത്തിലും അവരെ സഹായിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗം കൂടിയാണിത്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പരിശീലനം പൂർത്തിയാക്കിയ ശേഷം മ്യൂസിക് കമ്മീഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എജ്യുക്കേഷൻ ആൻഡ് പ്രഫഷനൽ ഡെവലപ്മെന്റ് എന്നിവയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.