സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ആറു മാസത്തോളമായി വൃക്ക രോഗ ചികിത്സയിലായിരുന്നു ശിവ്കുമാർ ശർമ.
ജമ്മു കശ്മീരില്‍ നിന്നുള്ള സന്തൂർ എന്ന അപ്രശസ്ത വാദ്യോപകരണത്ത ലോകത്തിന്റെ നെറുകയിൽ എത്തിച്ച സംഗീതജ്ഞനാണ് പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ. 1991ല്‍ പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍ എന്നീ ബഹുമതികൾ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഭോപ്പാലില്‍ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കെയാണ് അന്ത്യം.
1938 ജനുവരി 13ന് ജമ്മുവിലാണ് ശിവ്കുമാര്‍ ശര്‍മയുടെ ജനനം. ശാന്താറാമിന്റെ ഝനക് ഝനക് പായല്‍ ബജേ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി ബോളിവുഡിൽ അരങ്ങേറ്റം. 1967 ല്‍ പുല്ലാങ്കുഴല്‍ പ്രതിഭ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷന് കാബ്രയുമായിച്ചേര്‍ന്ന് ശിവ്കുമാര്‍ ശര്‍മ പുറത്തിറക്കിയ ‘കോള്‍ ഓഫ് ദ വാലി’ എന്ന സംഗീത ആല്‍ബം ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രംഗത്തെ ക്ലാസിക് ആയി മാറി. ഹരിപ്രസാദ് ചൗരസ്യക്കൊപ്പം സില്‍സില, ലംഹേ, ചാന്ദ്നി തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതമൊരുക്കി. ഹരിപ്രസാദ് ചൗരസ്യ- ശിവ്കുമാർ ശർമ കൂട്ടുകെട്ട് ‘ശിവഹരി’ എന്നാണ് വിളിക്കപ്പെട്ടത്.