കഥ പറയാനുളള ഇഷ്ടംകൊണ്ടാണ് തൻ്റെ സിനിമകൾ ഉണ്ടാകുന്നതെന്ന് സംവിധായകൻ എം.എ നിഷാദ്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഏഷ്യാലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിൽ ചിത്രീകരണം പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്ന അയ്യർ ഇൻ അറേബ്യയും തുടർ ചിത്രങ്ങളിലും കഥപറയാനുളള താത്പര്യത്തിൽനിന്ന് ഉണ്ടാകുന്നതാണെന്നും എംഎ നിഷാദ് പറഞ്ഞു.
“അറിവിൻ്റെ ലോകത്തേക്ക് നയിക്കുന്നതാണ് വായന..പുസ്തകത്തിലൂടെ ആളുകളെ അറിയുന്നതും സംസ്കാരം സ്വായത്തമാക്കുന്നതും മനുഷ്യത്വപരമായ കടമയായാണ് കരുതുന്നത്.. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്തും വായനയുണ്ട്.. ആർട്ടിഫിഷ്യൽ എന്നതിനേക്കാൾ മനസ്സിനെ മഥിക്കണമെങ്കിൽ പുസ്തകങ്ങൾതന്നെ വേണം” എംഎ നിഷാദ് അഭിപ്രായപ്പെട്ടു
“കാലാനുസൃതമായ മാറ്റങ്ങളെ അനുകൂലിക്കുകയും അംഗീകരിക്കുകയും വേണം. സിനിമാകൊട്ടകകൾ പൂട്ടിപ്പോകുമെന്ന പറഞ്ഞ കാലഘട്ടത്തിൽനിന്ന് പുതിയ മാറ്റങ്ങളിലേക്ക് സിനിമ കടന്നു. മൾട്ടിപ്ലസ് തിയേറ്ററുകൾ വന്നു. ആർആർആർ , കെജിഎഫ് പോലെയുളള സിനികൾ പുറത്തിറങ്ങി. ഇത്തരം സിനിമകൾ ടിവിയിൽ കാണുന്നതിനേക്കാൾ ആസ്വാദനം സമ്മാനിക്കാൻ തിയേറ്ററുകൾക്കേ കഴിയൂ”. എഴുത്തുകാരൻ കൂടിയായ എംഎ നിഷാദ് പറഞ്ഞു.
ഷാർജ പുസ്തകോത്സവവുമായി അഭേദ്യമായ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ഒരു സിനിമാ പ്രാന്തൻ്റെ ചിന്തകൾ’ എന്ന തൻ്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തത് ഷാർജ പുസ്തകോത്സവത്തിലാണ്. റിട്ടേർഡ് ഡിെഎജിയായ പിതാവിൻ്റെ അനുഭവങ്ങൾ പറയുന്ന ‘എൻ്റെ പൊലീസ് ദിനങ്ങൾ’ എന്ന പുസ്തകവും ഇതേ മേളയിലാണ് പ്രകാശനം ചെയ്തത്.’മേജറുടെ മീനുകൾ’ എന്ന ചെറുകഥകളുടെ സമാഹാരം ഈ പുസ്തകമേളയിൽ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സാമൂഹ്യപ്രതിബദ്ധതയുളള നിരവധി മലയാള സിനിമകളുടെ സംവിധായകനും നിർമ്മാതാവുമാണ് എംഎ നിഷാദ്.പൊതുവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തികൂടിയാണ്. വായന വിശാലമാക്കുന്ന മനസ്സും അറിവ് പകരുന്ന സംസ്കാരവും
വിവാദങ്ങൾക്കപ്പുറം മനുഷ്യപക്ഷത്തേക്ക് ഓരോരുത്തരേയും എത്തിക്കുമെന്നാണ്
എംഎ നിഷാദിൻ്റെ കാഴ്ചപ്പാടുകൾ.