നടൻ വിജയ്ക്ക് പിഴയായി ചുമത്തിയ ഒന്നരക്കോടി രൂപയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്തിയില്ല എന്ന കാരണത്തിനാണ് നടൻ വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയത്. ജൂൺ 30ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്‌തത്.
ആദായ നികുതി നിയമപ്രകാരം പിഴ തുക 2018 ജൂൺ 30ന് മുമ്പ് ചുമത്തേണ്ടതാണെന്നാണ് വിജയുടെ അഭിഭാഷകൻ വാദിച്ചത്. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ലെന്ന വാദം അംഗീകരിച്ചാണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.
പുലി എന്ന സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസിയായും വിജയ് കൈപ്പറ്റിയിരുന്നു. എന്നാൽ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമേ നികുതി അടച്ചുള്ളൂവെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയ്ക്ക് ഉണ്ടായെന്ന് കാട്ടിയാണ് പിഴ ചുമത്തിയ നോട്ടീസിൽ നൽകിയത്.