വിജയിയുടെ രാഷ്ട്രീയ പ്രവേശനം ശരിവെച്ച് ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സിനിമയിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഭാരവാഹികൾ. ഇന്നലെ ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയിയുടെ ഫാം ഹൗസിൽ നടന്ന ഭാരവാഹിയോഗത്തിന്റെ വിശദാംശങ്ങളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
‘രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പിന്നെ സിനിമയിൽ അഭിനയിക്കില്ല. മുഴുവൻ ശ്രദ്ധയും രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കും’ എന്ന് വിജയ് പറഞ്ഞതായാണ് ഭാരവാഹികൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ടി.വി.എം.ഐയുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ കഴിഞ്ഞമാസം നടത്തിയ ചടങ്ങിൽവെച്ച് വിജയ് ആദരിച്ചിരുന്നു. പരിപാടി വലിയ വിജയമായതോടെ വിജയിയുടെ രാഷ്ട്രീയപ്രവേശനം ശരിവെക്കുകയായിരുന്നു ആരാധകർ. ഇതിന്റെ അടുത്തഘട്ട നടപടിയിലേക്ക് നീങ്ങുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നതെന്നാണ് സൂചന.
വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധനേടിയിരുന്നു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും ഇക്കാര്യം നിങ്ങൾ മാതാപിതാക്കളോട് പറയണമെന്നും വിജയ് വിദ്യാർത്ഥികളോട് പറഞ്ഞു. കാശ് വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തം വിരൽ കൊണ്ട് കണ്ണിൽ കുത്തുന്നതിന് തുല്യമാണെന്ന് താരം കൂട്ടിച്ചേർത്തു. നാളത്തെ വോട്ടർമാർ നിങ്ങളാണെന്നും രാജ്യത്തിന്റെ ഭാവി നേതാക്കളെ തിരഞ്ഞെടുക്കുന്നത് നിങ്ങളാണെന്നും വിജയ് പറഞ്ഞിരുന്നു.