കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം വന്ന സിനിമയായ കങ്കുവയുടെ പ്രൊമോഷൻ പരിപാടികൾക്കായി സൂര്യ ഒരുപാട് സമയം ചിലവഴിച്ചിരുന്നു. ആ പ്രതീക്ഷയ്ക്കൊത്ത് സിനിമ എത്തി എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ മറുവാദങ്ങളുള്ള പ്രേക്ഷകരുമുണ്ട്. ആഗോളവ്യാപകമായി 38 ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നത്.
350 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഇരട്ട വേഷത്തിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായാണ് വരുന്നത്. ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്.