തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് കുതിച്ചുയരുകയാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ. ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. 89 കോടി 32 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ.
നവംബർ 14ന് റിലീസ് ചെയ്‌ത ചിത്രം ആദ്യ ദിനം 58 കോടി 62 ലക്ഷം രൂപ ആഗോള ഗ്രോസ് ആയി നേടിയിരുന്നു. മൂന്നാം ദിവസത്തോടെ ചിത്രം 100 കോടി ആഗോള ഗ്രോസ് പിന്നിടുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ് നേടിയാണ് കങ്കുവ മുന്നേറുന്നത്. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമായും കങ്കുവ ഉടൻ മാറും.
350 കോടി രൂപ ബഡ്ജറ്റിൽ, പിരീഡ് ആക്ഷൻ ഡ്രാമയായി ഒരുങ്ങിയ ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കങ്കുവ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത്.
1,500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്. സൂര്യ ഇരട്ട വേഷം ചെയ്‌ത ഈ ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ ആണ് വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണിയാണ്.