പുതിയ ലുക്കില്‍ സ്റ്റൈലിഷായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താടി വടിച്ച് പുതിയ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കിട്ടത്. ഇതോടെ വിന്റേജ് സുരേഷ് ഗോപിയെ വീണ്ടും കാണാനായി എന്ന കമന്റുമായി ആരാധകരുമെത്തി.
അതേസമയം, താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്നും ആരാധകർ സംശയം ഉന്നയിക്കുന്നുണ്ട്. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് ഈ പ്രോജക്ട് താൽക്കാലികമായി നീട്ടിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ഒറ്റക്കൊമ്പൻ്റെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നു താരം തന്നെ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്നും അഭിനയിക്കാൻ അനുവാദം ലഭിക്കാത്തിനെ തുടർന്ന് സിനിമ ഇതുവരെയും തുടങ്ങാൻ സാധിച്ചിരുന്നില്ല.
കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല എന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര- സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിയായ ശേഷം സിനിമയില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് താരം.