കല, മിനി, പൊടിമോൾ, നാടക അഭിനേതാക്കളായ വി.പി നായരും വിജയലക്ഷ്മിയും മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച മൂന്ന് വനിതാ രത്‌നങ്ങൾ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയെ തൊട്ടറിഞ്ഞ കലാകാരികൾ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച് സിനിമയുടെ ജീവനായി നിന്നവർ. നാടക നടനും സംവിധായകനുമായ വി. പി. നായർ, അഭിനേത്രിയും റേഡിയോ അനൗൺസറുമായ വിജയലക്ഷ്മി. ഇവർക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ പ്രതിസന്ധികളെ ഈ കലാകുടുംബം അതിജീവിച്ചത് മുഖത്ത് ഛായം തേച്ചുകൊണ്ടാണ്.
അഞ്ച് മക്കളുള്ള വലിയ കുടുംബം. അതുകൊണ്ട് തന്നെ തുച്ഛമായ നാടക വരുമാനം ഈ കുടുംബത്തിന് മതിയാവുമായിരുന്നില്ല. പരിഭവങ്ങൾക്കിടെ കൂടുതൽ അവസരം തേടി ആ കലാകുടുംബം കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് ചേക്കേറി. അമ്മയുടേയും അച്ഛൻ്റേയും അഭിനയ വഴികളിലൂടെ കലയും മിനി മോളും പൊടിമോളും സിനിമയിൽ സജീവമായി. രണ്ട് സഹോദരന്മാരും അഭിനേതാക്കളായിരുന്നു. അച്ഛൻ്റേയും അമ്മയുടേയും കലാപ്രവർത്തനത്തിൻ്റെ ജീവിത ദുരിതം മറികടക്കുകയായിരുന്നു അവർ ഇതിലൂടെ.
1970-ൽ ജി അരവിന്ദൻ്റെ ‘വിടരുന്ന മൊട്ടുകൾ’എന്നി സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിൽ ബാലതാരമായി എത്തിയതാണ് മിനി. തമിഴകത്തേക്ക് ഭാഗ്യരാജിൻ്റെ നായികയായി ‘ചിന്ന വീട്ടിൽ’ എത്തിയതിനു ശേഷം പിന്നീട് പല ഭാഷകളിയായി നിരവധി വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ മിനി സിനിമാ ലോകത്തിന് സംഭാവന ചെയ്തു. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയും, ഡോ. പശുപതിയിലെ യുഡിസി കുമാരിയും, മാലയോഗത്തിലെ സുഭദ്രയും, കുടുംബകോടതിയിലെ തെലുങ്ക് സംസാരിക്കുന്ന ഗുണ്ടൂർ പാർവതിയും. അങ്ങനെ എണ്ണിയാൽ തീരാത്ത കഥാപാത്രങ്ങൾ, ചായങ്ങൾ പുരണ്ട മിനുവിൻ്റെ വ്യത്യസ്തമായ മുഖങ്ങൾ. പക്ഷെ ക്യാമറയ്ക്ക് പുറത്തുള്ള ജീവിതത്തിൽ മിനു മുഖത്ത് ചായം പൂശിയിട്ടില്ല, അഭിനയിച്ചിട്ടില്ല.
1978 ഇൽ മദനോത്സവത്തിലൂടെ ബാല താരമായി കലയും വെള്ളിത്തിരയിൽ എത്തി. മികവുറ്റ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു. 1979 ഇൽ പൊടിമോളും ‘കതിർ മണ്ഡപ’ത്തിലൂടെ സിനിമാലോകത്തേക്ക് കാലെടുത്ത് വച്ചു. മിനി ചേച്ചിയുടെ വഴിയേ ‘മുന്താണി മുടിച്ചി’ലൂടെ ഭാഗ്യരാജിൻ്റെ നായികയായി തമിഴിൽ നായികയായി. അവിടുന്നങ്ങോട്ട് 80 തുകളിലും 90 കളിലും സിനിമാ ലോകത്ത് പൊടിമോൾ നായികയായി നിറഞ്ഞു നിന്നു. ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’ എന്ന സിനിമ എഴുതി നിർമിക്കുകയും ചെയ്തു. മിഥുനവും, സുഖമോ ദേവിയും പൊന്മുട്ടയിടുന്ന താറാവും മഴവിൽ കാവടിയും പൊടിമോളുടെ അഭിനയ പാടവംകെണ്ട് പ്രേക്ഷകനെ വിസ്മയിപ്പിച്ച ചില സിനിമകളാണ്.
മൂന്ന് സഹോദരിമാരും സിനിമയിൽ സജീവമായതോടെ കുടുംബം അന്നത്തെ മദ്രാസ് അഥവാ ഇന്നത്തെ ചെന്നൈയിലേക്ക് ചേക്കേറി. ഇക്കാലത്ത് അനുജന് വേണ്ടി മിനി വീട്ടിലേക്ക് തന്നെ ചുരുങ്ങി. അതേസമയം സിനിമയിൽ വിജയക്കൊടി പാറിച്ച് പൊടിമോൾ തിളങ്ങി നിന്നു. കലയാവട്ടെ തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിയെന്ന പേരെടുത്തത്തിന് ശേഷം സിനിമയിൽ നിന്ന് പിന്മാറി. ഇതിനിടെ സഹോദരൻമാരായ കമലും, നന്ദുവും സിനിമാ ലോകത്ത് എത്തിയിരുന്നു. എന്നാൽ ദുരൂഹതകൾ ഏറെ അവശേഷിപ്പിച്ച് നന്ദുവെന്ന പ്രിൻസ് ആത്മഹത്യ ചെയ്തത് കുടുംബത്തിന് വലിയ തിരിച്ചടിയായി. ഇക്കാലത്ത് കമലിന് സംഭവിച്ച വാഹനാപകടവും കുടുംബത്തിന് പ്രതിസന്ധിയാണ് നൽകിയത്. അതിനിടയിലും ആ കലാകുടുംബം സിനിമയ്ക്ക് വേണ്ടി നിലകൊണ്ടു.
അനുജത്തി പൊടിമോൾ സിനിമയിലെ ഒഴിച്ചു കൂട്ടാനാവാത്ത നായികയായി തിളങ്ങിയപ്പോൾ ചേച്ചി മിനി ഏവരേയും ചിരിപ്പിച്ച് മലയാളത്തിൻ്റെ ഹാസ്യ റാണിയായി മാറി. ജഗതി ശ്രീകുമാർ-മിനു കോമ്പോയിൽ പിറന്ന തമാശകളെ തൊണ്ണൂറുകളിൽ മലയാളി ഏറ്റെടുത്തു. ഇന്നും ഈ കോമ്പോയ്ക്ക് ആരാധകർ ഏറെ. നടൻ മനോജ് കെ ജയനുമായുള്ള പ്രേമവും തുടർന്നുള്ള വിവാഹവും കഴിഞ്ഞതിന് ശേഷം പൊടിമോൾ കലാരംഗത്ത് നിന്ന് ചെറിയൊരു ഇടവേളയെടുത്തു.
മനോജ് കെ ജയനുമായുള്ള ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വന്നപ്പോൾ പൊടിമോളുടെയും ഏക ആശ്രയം സിനിമയായി. ‘അച്ചുവിൻ്റെ അമ്മ’യിലൂടെ പൊടിമോൾ മലയാള സിനിമയിൽ തിരിച്ചെത്തി. ആ ഗംഭീര തിരിച്ചു വരവ് മികച്ച സഹനടിയ്ക്കുന്ന ദേശീയ അവാർഡ് തിളക്കത്തോടെയായിരുന്നു. 5 കേരള സംസ്ഥാന അവാർഡും തമിഴ്നാട് സർക്കാരിൻ്റെ സ്റ്റേറ്റ് അവാർഡും പൊടിമോൾ സ്വന്തമാക്കി. കലയും വിവാഹമോചനത്തോടെ കലാലോകത്തേക്ക് മടങ്ങിയെത്തി. പക്ഷെ, സീരിയലിലൂടെയായിരുന്നു രണ്ടാം തുടക്കം. വേദനയിലും ഉയിർത്തെഴുന്നേൽപ്പ് നൽകിയത് അഭിനയം മാത്രമായിരുന്നു. ആരോടും പരിഭവം പറയാതെ ഈ സഹോദരിമാർ സിനിമാ ലോകത്ത് പുതിയ അത്ഭുതങ്ങൾ നെയ്തുകൊണ്ടേയിരുന്നു.
മൂവരും ഒരുപോലെ വിവാഹ മോചനത്തിലൂടെ കടന്ന് പോയവരാണ്. ഹാസ്യ കലാകാരിയെന്ന ലേബലിൽ നിന്നും രണ്ടാം വരവിൽ ഒരു നമ്പൂതിരി സ്ത്രീയ്ക്ക് അഭയം നൽകിയ ഇസ്ലാം യുവതിയുടെ യഥാർത്ഥ സംഭവം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ട മിനി ദേശീയ അവാർഡ് തിളക്കത്തോടെ നിരൂപക പ്രശംസയും തേടി, ‘തനിച്ചല്ല ഞാൻ’ എന്ന് മിനുവും അന്തർജനത്തെ പോലെ പറയാതെ പറഞ്ഞു. പിന്നീട് ഹാസ്യ വേഷങ്ങളിലും സ്വാഭവ കഥാപാത്രങ്ങളിലും വേറിട്ട ശൈലിയിലൂടെ അഭിനയിച്ച് കൈയടി നേടി. എന്നാൽ ഹൈദരാബാദിൽ ‘തോഴാ’ സിനിമയുടെ ചിത്രീകരണത്തിന് പോയ മിനി വീട്ടിലേക്ക് മടങ്ങി എത്തിയത് ചലനമറ്റാണ്. മലയാള സിനിമാ പ്രേക്ഷകർക്ക് അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. അവർ അനശ്വരമാക്കിയ കഥാപാത്രങ്ങൾ ചരിത്രത്തിലേക്ക് എഴുതി ചേർത്ത്, ചമയങ്ങൾ അഴിച്ചുവച്ച് മിനി യാത്ര പറഞ്ഞ് പോയി.
പിന്നെയും വർഷങ്ങൾ കടന്ന് പോയി. തൊണ്ണൂറുകളിലെ സൂപ്പർ നായികയായ പൊടിമോൾ പുതു തലമുറയുടെ കൂടെയും തകർത്ത് അഭിനയിക്കുകയാണ്. ‘സൂരറൈ പോട്ര്’, ‘അപ്പത്ത’, ‘മൂക്കുത്തി അമ്മൻ’,’കേശു ഈ വീടിൻ്റെ നാഥൻ’, ‘ജലധാര പമ്പ് സെറ്റ്’, ‘ചാൾസ് എൻ്റർപ്രൈസ്’.. തുടങ്ങി നിരവധി ചിത്രങ്ങൾ. ‘ഞാൻ ഒരു നായകന്റെയും നായികയായിരുന്നില്ല. ഞാൻ എന്നും സംവിധായാകന്റെ ആർട്ടിസ്റ്റ് ആണ്’എന്ന് തലയുയർത്തി പൊടിമോൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പൊടിമോളെ പോലെ ഒരിക്കലും ആർക്കും അഭിനയിക്കാൻ സാധിക്കില്ല എന്ന് മിനി പറഞ്ഞത് എത്ര ശരിയാണ്. പല ഭാഷകളിൽ, പല വേഷങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച മൂന്ന് സഹോദരിമാർ. അവാർഡുകളെക്കാൾ പ്രേക്ഷകൻ്റ അംഗീകാരമാണ് വലുതെന്ന് പറഞ്ഞ മലയാളത്തിൻ്റെ സ്വന്തം സഹോദരിമാർ. അവരുടെ പേരാണ് കലാ രഞ്ജിനി, കല്പന രഞ്ജിനി, കവിത രഞ്ജിനി ( ഉർവ്വശി).