ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച ‘സൂക്ഷ്മദർശിനി’ സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50 കോടി ചിത്രം കൂടിയാണിത്.
റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രം ഇപ്പോൾ നാലാം വാരത്തിലേക്കാണ് കുതിക്കുന്നത്. നിലവിൽ 192 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമയായതിനാൽ കുടുംബ പ്രക്ഷകരാണ് കൂടുതലായും തിയേറ്ററിലേയ്ക്ക് എത്തുന്നത്.
അയൽവാസികളായ പ്രിയദർശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് സൂക്ഷ്മദർശിനിയിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.