താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു. കൂടാതെ അമ്മയിൽ
അംഗത്വം നേടാൻ അപേക്ഷ നൽകിയ നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.
അച്ചടക്കമില്ലാത്തതിന്റെ പേരിലാണ് ഷെയ്ൻ നിഗമിനെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയത്. ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നും സിനിമ സംഘടനകൾ അറിയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മ ഭാരവാഹികൾ ഇടപെട്ട് ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിച്ചത്.
ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനാൽ ശ്രീനാഥ് ഭാസിയുമായും സഹകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഇതിനിടെ അമ്മയിൽ പുതിയ അംഗത്വത്തിനായി 25-ഓളം പേർ അപേക്ഷ സമർപ്പിച്ചിരുന്നു. ഇവരുടെ കൂടെ ശ്രീനാഥ് ഭാസിയും അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ തീരുമാനമെടുക്കുന്ന കാര്യമാണ് സംഘടന ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചത്.