വെറും 5 ലക്ഷം രൂപാ ബജറ്റിൽ പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്. ‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാംഘട്ട ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നാണ് താരത്തിൻ്റെ അറിയിപ്പ്. നൂറിലധികം പുതുമുഖ താരങ്ങളെ അണിനിരത്തി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ ക്യാമറ ഒഴികെ ബാക്കി വർക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
പുതിയ സിനിമയുടെ ലൊക്കേഷൻ വിഡിയോയും പണ്ഡിറ്റ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിൽ പിന്നെ മഴയും തുടർച്ചയായ യാത്രകളും ചിത്രീകരണം വൈകാൻ കാരണമായതായി സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.ചിത്രത്തിൽ പതിവുപോലെ എട്ട് പാട്ടുകളാണുളളത്. ചില പാട്ടുകകൾ ഷില്ലോങ്, ഡാർജിലിങ് ഭാഗത്ത് ഷൂട്ട് ചെയ്തിരുന്നു. മറ്റു ഗാനങ്ങൾ കുളു, മണാലി, കാശ്മീർ എന്നിവിടങ്ങളിൾ ചിത്രീകരിക്കാനാണ് തീരുമാനം.
പുതിയ ചിത്രത്തിൻ്റെ ലൊക്കേഷൻ വിശേഷങ്ങൾ താരം തന്നെയാണ് യൂടൂബിലൂടെ പുറത്തുവിട്ടത്. എഡിറ്റിങ്, ഡബ്ബിംഗ് ജോലികളും സമാന്തരമായി നടക്കുകയാണ്. ‘കേരളാ ലൈവ്’ ഓണം റിലീസായി പുറത്തിറക്കാനാണ് സന്തോഷ് പണ്ഡിറ്റിൻ്റെ നീക്കം. 2011ൽ കൃഷ്ണനും രാധയും എന്ന സിനിമ തിയേറ്ററിലെത്തിച്ചാണ് മലയാളികൾക്കിടയിൽ സന്തോഷ് പണ്ഡിറ്റ് താരമായത്.