മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം സ്വന്തമാക്കി സംവിധായകൻ ഷാജി എൻ. കരുൺ. അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് ജെ.സി. ഡാനിയേൽ പുരസ്കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2022-ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രൻ ചെയർമാനും ഗായിക കെ.എസ്. ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
1988-ൽ സംവിധാനം ചെയ്‌ത ‘പിറവി’യാണ് ഷാജി എൻ കരുൺ സംവിധാനം ചെയ്ത ആദ്യ സിനിമ. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്ന് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂർവം സംവിധായകരിലൊരാളായി അദ്ദേഹം മാറി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ. 40-ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ് ഷാജി എൻ. കരുൺ.
ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാനപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് അദ്ദേഹം. കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആന്റ് ലെറ്റേഴ്സ്’, പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും ഷാജി എൻ കരുണിന് ലഭിച്ചിട്ടുണ്ട്.