സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ നാളായി കാത്തിരുന്ന പുഷ്പ 2 തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. അല്ലു അർജുൻ്റെ ബ്രഹ്‌മാണ്ഡ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ദിവസം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ആദ്യ ഷോ മുതൽ വലിയ തിരക്കാണ് തിയേറ്ററുകളിൽ അനുഭവപ്പെടുന്നത്.
ലോകത്താകെ 12,000 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ 500 സ്ക്രീനുകളിലാണ് എത്തുന്നത്. തെലുങ്കിലെ മറ്റൊരു താരത്തിനും ലഭിക്കാത്ത ഓപ്പണിങ് കലക്ഷൻ സ്വന്തമാക്കിയാണ് അല്ലു അർജുൻ ചിത്രം കുതിക്കുന്നത്. ചിത്രം ഇതിനോടകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റെക്കോർഡ് ആദ്യ ദിന കലക്ഷനും ചിത്രം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
വൻ വിജയമായി മാറിയ ‘പുഷ്പ: ദി റൈസി’ൻ്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂൾ (പുഷ്‌പ 2). മൂന്നു വർഷത്തിൻ്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞ തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുനെ തേടിയെത്തിയിരുന്നു.
ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ സംവിധായകൻ്റേത് തന്നെയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.