തിയേറ്ററിൽ വിജയക്കുതിപ്പ് നടത്തുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2. റിലീസ് ചെയ്‌ത് അഞ്ച് ദിവസത്തിനകം 1000 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കളെ ഞെട്ടിച്ചുകൊണ്ട് പുഷ്പ 2വിന്റെ വ്യാജപതിപ്പ് റിലീസ് ചെയ്തിരിക്കുകയാണ്.
യുട്യൂബിലാണ് ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയിരിക്കുന്നത്. ഹിന്ദി ഭാഷയിലുള്ള സിനിമയുടെ തീയേറ്റർ പതിപ്പാണ് യൂട്യൂബിൽ അപ്‌പ്ലോഡ് ചെയ്യപ്പെട്ടത്. GOATZZZ എന്ന അക്കൗണ്ടിൽ നിന്നാണ് വ്യാജൻ അപ്ലോഡ് ചെയ്‌തത്. ഇതോടെ നിരവധി പേർ ചിത്രം ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്തു. ഇതോടെ നടപടിക്കൊരുങ്ങിയിരിക്കുകയാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്.
ലോകമെമ്പാടുമുള്ള 12,500ൽ അധികം സ്ക്രീനുകളിലാണ് പുഷ്‌പ 2 റിലീസ് ചെയ്തിരിക്കുന്നത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.