ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച് അല്ലു അർജുന്റെ പുഷ്പ 2. വെറും മൂന്ന് ദിവസത്തിനകം 500 കോടി ക്ലബ്ബിലാണ് ചിത്രം ഇടം നേടിയത്. നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യൻ സിനിമാ ലോകത്ത് അതിവേഗം 500 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് ഇതോടെ പുഷ്പ.
അഞ്ച് ദിവസം കൊണ്ടാണ് ഷാരൂഖ് ഖാന്റെ ‘പത്താൻ’ ആഗോള തലത്തിൽ 500 കോടി ക്ലബ്ബിൽ ഇടം നേടിയത്. ‘ജവാൻ’ 13 ദിവസവും ‘സ്ത്രീ 2’ 22 ദിവസവും ‘ഗദ്ദർ 2’ 24 ദിവസവും കൊണ്ടാണ് 500 കോടി ക്ലബിലെത്തിയത്. 12 ദിവസം കൊണ്ടാണ് വിജയ് നായകനായ ലിയോ 500 കോടി കളക്ഷൻ സ്വന്തമാക്കിയത്. ഈ ചിത്രങ്ങളെയാണ് ഇപ്പോൾ പുഷ്പ മറികടന്നിരിക്കുന്നത്.
‘പുഷ്‌പ’ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ടാണ് പുഷ്‌പ 2 മറികടന്നത്. ഈ രീതിയിൽ തുടർന്നാൽ ചിത്രം ഉടൻ 1000 കോടി കടക്കുമെന്നാണ് സിനിമ അനലിസ്റ്റുകളുടെ നിഗമനം.