സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി നിവിൻ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. അതോടൊപ്പം തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് താരം നന്ദിയും പറഞ്ഞു.
“എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി” എന്നാണ് നിവിൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തുന്നത്. അതോടൊപ്പം ആരെയും ഭയക്കാതെ താൻ തെറ്റുകാരനല്ലെന്ന് പൊതുജനങ്ങളോട് തുറന്നുപറയുകയും നിയമപോരാട്ടം നടത്തുകയും ചെയ്തത് ഫലം കണ്ടുവെന്നും ആരാധകർ കമന്റിടുന്നുണ്ട്.
ദുബായിയിൽ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയെ ദുബായിൽ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിൻ പോളിയുടെ സുഹൃത്ത് തൃശ്ശൂർ സ്വദേശി സുനിൽ, ബഷീർ, കുട്ടൻ, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികൾ. നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും മറ്റ് പ്രതികൾക്കെതിരായ അന്വേഷണം പൊലീസ് തുടരും.