നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും ഇരുവരും പരസ്പരം ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല.
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിർമാതാവായ ആകാശ് ഭാസ്കരന്റെ വിവാഹച്ചടങ്ങിനാണ് താരങ്ങളെത്തിയത്. പകർപ്പവകാശത്തർക്കം കൊടുമ്പിരിക്കൊണ്ടിരിക്കേ ഇതാദ്യമായാണ് നയൻതാരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്. ഭർത്താവും സംവിധായകനുമായ വിനേഷ് ശിവനും നയൻസിനൊപ്പമുണ്ടായിരുന്നു. നയനും വിഗ്നേഷും എത്തുമ്പോൾ സദസിൻ്റെ മുൻനിരയിൽ ധനുഷുമുണ്ടായിരുന്നു. ചടങ്ങിൽ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തിൽത്തന്നെയാണ് നയൻതാരയും ഇരുന്നത്.
നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഉൾപ്പെടുത്തിയതിന് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തിൽ ചോദിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണം.
നയൻതാരയെ നായികയാക്കി വിഗ്നേഷ് ശിവനായിരുന്നു ‘നാനും റൗഡി താൻ’ എന്ന സിനിമ സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഷ്നേഷും പ്രണയത്തിലായത്. ഇരുവരുടെയും പ്രണയം വ്യക്തമാക്കുന്നതിനാണ് ചിത്രത്തിന്റെ ലൊക്കേഷനിലെ ചില ചിത്രങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയത്.