യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. മഞ്ജുവിന്റെ യാത്രകളുടെ ചിത്രങ്ങൾ ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ മറ്റൊരു റൈഡിന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് മഞ്ജു. തന്റെ പുതിയ ബൈക്കിൽ കാട് ചുറ്റിക്കാണാനിറങ്ങിയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ടൂവീലർ ലൈസൻസ് എടുത്തതിന് പിന്നാലെ തന്റെ പുതിയ ബൈക്കിൽ കറങ്ങിനടക്കുന്നതാണ് മഞ്ജുവിന്റെ ഹോബി. ഫോർ വീലർ ലൈസൻസ് ഉണ്ടായിരുന്ന താരം ടു വീലർ ലൈസൻസ് എടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് റൈഡ് പോയതിന് ശേഷമാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് മഞ്ജു തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മഞ്ജു ടൂവീലർ ലൈസൻസ് എടുത്തത്. ലൈസൻസ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യുആർ 1250 ജിഎസ് ബൈക്കും താരം സ്വന്തമാക്കി.
യാത്രകളോടുള്ള താത്പര്യത്തെക്കുറിച്ച് മഞ്ജു പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുമ്പ് താജ് മഹലിന് മുന്നിൽ നിന്നുള്ള ഒരു ചിത്രം മഞ്ജു ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇത്രയും ലോകം, വളരെ കുറച്ച് സമയം എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചിരുന്നത്. മഞ്ജുവിന്റെ ആഗ്രഹംപോലെ ലോകം മുഴുവൻ സഞ്ചരിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്ന് ആരാധകർ ആശംസിക്കുകയും ചെയ്തിരുന്നു.