ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മെഗാസ്റ്റാർ മമ്മൂട്ടി. മൂന്ന് കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന തന്റെ ചിത്രമാണ് മമ്മൂട്ടി ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. അധികം വൈകാതെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ശിശുദിനാശംസകൾ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കിട്ടത്. ‘കുട്ടികളിൽ കുട്ടിയായി മമ്മൂട്ടി’, ‘നാല് കുട്ടികൾ അതിലൊരു കുട്ടി മമ്മുക്കുട്ടി’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. നിരവധി പേർ ശിശുദിനാശംസകളും നേരുന്നുണ്ട്.
സാമൂഹിക വിഷയങ്ങളിൽ സദാ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്ന മമ്മൂട്ടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഇരുകയ്യുംനീട്ടി സ്വീകരിക്കാറുമുണ്ട്.