വെളുത്തസാരിയുടുത്ത് അഴിച്ചിട്ട തലമുടിയുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന സുന്ദരിയായ ആദ്യത്തെ യക്ഷി. മലയാള സിനിമയിലെ ആദ്യത്തെ ഹൊറർ-റൊമാൻ്റിക്-ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ഭാർഗവീനിലയം പിറന്നിട്ട് ഇന്നേക്ക് 60 വർഷം.
നീലവെളിച്ചം എന്ന തൻ്റെതന്നെ കഥയെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയെഴുതിയ ചിത്രം 1964 ഒക്ടോബർ 22-നാണ് തിയേറ്ററുകളിലെത്തിയത്. ചന്ദ്രതാരാ പ്രൊഡക്ഷൻസിന് വേണ്ടി ടി.കെ. പരീക്കുട്ടി നിർമ്മിച്ച സിനിമ എ. വിൻസെന്റാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ആസ്വാദനത്തിനപ്പുറം കാണികളുടെ മനസിൽ ഭയം നിറച്ച മലയാളത്തിലെ ആദ്യത്തെ പ്രേതസിനിമയാണ് ഭാർഗവീനിലയം. മധു, വിജയനിർമല, പ്രേംനസീർ, അടൂർഭാസി, പി.ജെ. ആന്റണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.