കേരള ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെ പ്രസിഡന്റായി നിർമ്മാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫനെ എതിരില്ലാതെ തിരഞ്ഞെടുത്തു. മലയാള സിനിമാ സംഘടകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മാറിയിരിക്കുകയാണ് ലിസ്റ്റിൻ.
മാജിക് ഫ്രെയിംസ് എന്ന നിർമ്മാണ കമ്പനിയുടെ സ്ഥാപകനായ ലിസ്റ്റിൻ 2011ൽ ട്രാഫിക് എന്ന സിനിമയിലൂടെയാണ് നിർമ്മാണ രംഗത്തേക്കെത്തുന്നത്. ആ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയർ പുരസ്കാരം ട്രാഫിക്കിന് ലഭിച്ചിരുന്നു. ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടൽ (മൂന്ന് ദേശീയ പുരസ്കാരങ്ങൾ) ഡ്രൈവിങ് ലൈസൻസ്, കെട്ടിയോളാണ് എന്റെ മാലാഖ, കൂമൻ, കടുവ, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ ആണ്.
ഇതിന് പുറമെ പേട്ട, ബിഗിൽ, മാസ്റ്റർ, ബീസ്റ്റ്, കെ.ജി എഫ് 2, കാന്താര തുടങ്ങി ഒട്ടേറെ അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ ലിസ്റ്റിൻ വിതരണത്തിനെത്തിച്ചിട്ടുണ്ട്.