ജയറാം-പാർവതി താരദമ്പതികളുടെ മകനും നടനുമായ കാളിദാസിൻ്റെ വിവാഹം ഞായറാഴ്ച്ച ഗുരുവായൂരിൽ നടക്കും. ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ ശുഭമുഹൂർത്തത്തിലാണ് താലിക്കെട്ട്. ചെന്നൈ സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് കാളിദാസിൻ്റെ വധു.
ഇരുവരുടേയും ദീർഘനാളത്തെ പ്രണയമാണ് സാഫല്യത്തിലെത്തുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പ്രമുഖ നടൻമാരുൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തർ ഞായറാഴ്ച കല്യാണത്തിൽ പങ്കെടുക്കുന്നുണ്ട്. കാളിദാസിൻ്റെ വിവാഹം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയയും . .
അതേസമയം കാളിദാസിൻ്റെ പ്രീവെഡ്ഡിംഗ് വിരുന്നിൻ്റെ മെനു സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സ്വർണ നിറമുള്ള തളികയിൽ വാഴയില വട്ടത്തിൽ മുറിച്ചിട്ട് അതിൻ്റെ മുകളിലാണ് വിഭവങ്ങൾ ഓരോന്നായി നിരന്നത്. സ്വീറ്റ്, സ്റ്റാട്ടർ, മെയിൻ കോഴ്‌സ് എന്നിവ ചേർന്ന ഗംഭീര വിരുന്നാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇളനീർ പിസ്‌ത ഹൽവ, മലായ് പനീർ ടിക്ക, ഗുണ്ടൂർ ബേബികോൺ ചില്ലി, രാമശേരി ഇഡ്ലിയും പൊടിയും, സാഫ്രൺ ബട്ടൺ ബറോട്ട എന്നിങ്ങനെ നീളുന്നു മെനു.
ജയറാം കുടുംബത്തിലെ എല്ലാപേരും വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കായി സ്‌പെഷൽ കൗണ്ടറുകൾ തുറന്നിരുന്നു. ബുഫെ രീതിയിലാണ് ഭക്ഷണം വിളമ്പിയത്. സ്ഥിരം കാണാറുള്ള മെനുവിന് പുറമേ, വ്യത്യസ്‌തത നിറഞ്ഞ പലതരം വിഭവങ്ങൾ ഒരുക്കിയിരുന്നു. കോയമ്പത്തൂരിലെ പ്രശസ്‌ത മദമ്പാട്ടി നാഗരാജ് ആൻഡ് കോ ആണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.