നീണ്ട 12 വർഷങ്ങൾക്ക് ശേഷം ഇന്ദ്രൻസ് വീണ്ടും തമിഴിലേയ്ക്ക്. സൂര്യയുടെ 45-ാമത് ചിത്രമായ ‘സൂര്യ 45’-ൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായാണ് ഇന്ദ്രൻസ് എത്തുന്നത്. ഇന്ദ്രൻസിനൊപ്പം മലയാളി താരമായ സ്വാസികയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. തൃഷയാണ് സൂര്യ 45-ലെ നായിക.
ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സായി അഭയങ്കാറാണ്. അരുവി, തീരൻ അധികാരം ഒൺട്ര്, കൈതി, സുൽത്താൻ, ഒകെ ഒരു ജീവിതം തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.
ആക്ഷൻ എന്റർറ്റെയ്നർ എന്നതിലുപരി ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ട്. സൂര്യ 45-ന്റെ ചിത്രീകരണം ഇപ്പോൾ കോയമ്പത്തൂരിൽ നടക്കുകയാണ്. ചിത്രം 2025 രണ്ടാം പകുതിയിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.