നയൻതാരയുടെയും വിഗ്നേഷിന്റെയും വിവാഹ ഡോക്യുമെന്ററിയായ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയി’ലുമായി ബന്ധപ്പെട്ട് ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിവരികയാണ്. ഇതിനിടെ നയൻതാരയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. ഇരുവർക്കും കൂടുതൽ ശക്തി ലഭിക്കട്ടെ എന്നാണ് ഗീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
‘ഇരുവർക്കും കൂടുതൽ ശക്തിയും സ്നേഹവും ബഹുമാനവും’ എന്ന് കുറിച്ചാണ് ഗീതു മോഹൻദാസ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചത്. ധനുഷിനെ വിമർശിച്ചുകൊണ്ട് നയൻതാര എഴുതിയ തുറന്ന കത്തും ഗീതു ഷെയർ ചെയ്തിട്ടുണ്ട്. നയൻതാരയെ നായികയാക്കി വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് നയൻതാരയും വിസ്നേഷും പ്രണയത്തിലാകുന്നത്. ഈ ചിത്രം നിർമ്മിച്ചത് ധനുഷ് ആയിരുന്നു. ഈ സിനിമയുടെ ചില ലൊക്കേഷൻ ദൃശ്യങ്ങൾ ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. മൂന്ന് സെക്കൻഡ് ദൃശ്യമാണ് ഉൾപ്പെടുത്തിയത്.
ഇതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഇതിനുള്ള മറുപടിയായി ഒരു തുറന്ന കത്തും നയൻതാര പങ്കുവെച്ചിരുന്നു. സംഭവത്തിൽ നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് നിരവധി നടീ-നടന്മാർ രംഗത്തെത്തിയിട്ടുണ്ട്.