നിശ്ചിത നിലവാരം പോലുമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനവുമായി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇനി മുതൽ ഇത്തരത്തിൽ അനുമതി ലഭിക്കാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കാൻ പ്രത്യേകം വാടക നൽകേണ്ടിവരും. തിയറ്ററുകൾ ഇപ്പോൾ വലിയ നഷ്ടത്തിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ പറഞ്ഞു. ഈ വർഷം എഴുപതോളം ചിത്രങ്ങൾ പ്രദർശനത്തിന് എത്തിയെങ്കിലും തിയറ്ററുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണെന്നും സംഘടന കൂട്ടിച്ചേർത്തു.
ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നില്ല. ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടുമെന്നും ഓടില്ല എന്നും തിയേറ്റർ ഉടമകൾക്ക് അറിയാം. അതുകൊണ്ട് തന്നെ ഇനി മുതൽ തിയ്യറ്റർ ഉടമകൾക്ക് ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ആലോചന എന്നും സംഘടന പറഞ്ഞു.
90 ശതമാനത്തോളം തിയറ്ററുകളും ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല. വൈദ്യുതി ബില്ലും അടച്ചിട്ടില്ല. അതേസമയം കിട്ടുന്ന റെവന്യൂവിൽനിന്നു 30 ശതമാനം സർക്കാർ വാങ്ങിക്കുന്നുമുണ്ട്. ഈ അവസ്ഥ മുന്നോട്ട് പോയാൽ ഇപ്പോൾ കേരളത്തിലുള്ളതിൽ അമ്പതു ശതമാനം തിയ്യറ്ററുകളെങ്കിലും അടച്ചു പൂട്ടേണ്ടി വരും. കേരളത്തിലെ ഏകദേശം അഞ്ചു ശതമാനം തിയറ്ററുകളും ജപ്തി ഭീഷണി നേരിടുന്നവയാണ്. ഏകദേശം 20 ശതമാനം തിയറ്ററുകൾ അടുത്ത മൂന്നുമാസത്തിനകം ജപ്തി ചെയ്യപ്പെടുമെന്നും വിജയകുമാർ ചൂണ്ടികാട്ടി.
അതേസമയം തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ ഓൺലൈൻ റിലീസ് നീട്ടണമെന്ന നിർദേശം ഫിയോക്ക് മുന്നോട്ട് വച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ ജൂൺ ആദ്യവാരത്തോടെ കേരളത്തിലെ തിയറ്ററുകളെല്ലാം അടച്ചിട്ട് സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. നിലനിൽക്കാൻ മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതെന്നും വിജയകുമാർ വ്യക്തമാക്കി.