മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘എമ്പുരാന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 27-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ദ്രജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്‌തത്.
ഗോവർധൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇത്തവണ സത്യം ഗോവർധനെ തേടിയെത്തുമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. എമ്പുരാനിൽ മുഴുനീള വേഷത്തിലാകും ഇന്ദ്രജിത്ത് എത്തുക എന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരിൻ്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്ഷനും ചേർന്നാണ്.
20ഓളം വിദേശ രാജ്യങ്ങളിൽ വെച്ചാണ് എമ്പുരാൻ ചിത്രീകരിച്ചതെന്നാണ് വിവരം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.