2018-ൽ കേരളം നേരിട്ട പ്രളയം പ്രമേയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018: എവരിവൺ ഇസ് എ ഹീറോ’ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന നോളജ് മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പിഎസ് ശ്രീകല. സത്യങ്ങൾക്കൊപ്പം ചില വക്രീകരണങ്ങളും മറച്ചുവയ്ക്കലുകളും നുണകളും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇത്തരമൊരു സിനിമയ്ക്ക് ആവശ്യമായ ഗവേഷണം നടത്താൻ സംവിധായകൻ തയാറായിട്ടില്ലെന്നും പി.എസ് ശ്രീകല ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് കേരളത്തിലെ ജനങ്ങളെ രംഗത്തിറക്കാൻ ‘എന്നാപ്പിന്നെ നമ്മളൊരുമിച്ച് ഇറങ്ങുകയല്ലേ…’ എന്ന് ഉറക്കെ ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയെ പ്രതിസന്ധിയിൽ പകച്ചുനിൽക്കുന്ന കഥാപാത്രമായാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. കൂടാതെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികൾ വിവിധ മതങ്ങളിലും ജാതികളിലുമുള്ളവർ ആയിരുന്നു. എന്നാൽ സിനിമയിൽ ഒരു മതത്തിന്റെ പുരോഹിതൻ നൽകിയ ആഹ്വാനം കേട്ട് ഇറങ്ങിത്തിരിച്ചവർ ആയിട്ടാണ് അവരെ ചിത്രീകരിച്ചിരിക്കുന്നത് എന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് യുവാക്കൾ രക്ഷാ പ്രവർത്തനങ്ങൾക്കായി മുന്നോട്ട് വന്നത്. മാത്രമല്ല സിനിമയിൽ കാണിക്കുന്നതു പോലെ മഴക്കാലത്തും അല്ലാത്തപ്പോഴും നിരന്തരം ഓട് പൊളിഞ്ഞുവീഴുന്ന സ്‌കൂൾ കെട്ടിടങ്ങൾ അല്ല കേരളത്തിൽ ഉള്ളത് തുടങ്ങിയ വിമർശനങ്ങളാണ് പി.എസ് ശ്രീകല ഉന്നയിച്ചത്. ഒരു യഥാർത്ഥ സംഭവത്തെ കലയിൽ ആവിഷ്‌കരിക്കുമ്പോൾ ഭാവനയും വൈകാരികതയും അതിനു ചേരുന്ന കഥാ സന്നിവേശവുമൊക്കെ ആവാം. എന്നാൽ സത്യസന്ധത ഇല്ലെങ്കിൽ നുണപ്രചരിപ്പിക്കുന്ന മാധ്യമങ്ങളും കലാവിഷ്‌കാരവും തമ്മിൽ എന്ത് വ്യത്യാസം എന്ന ചോദ്യത്തോടെയാണ് ഫേസ്ബുക് കുറിപ്പ് അവസാനിക്കുന്നത്.