ആരാണ് ഡോ. ലൂയിസ്? വേഷപ്പകര്‍ച്ചയില്‍ പുതിയ അടയാളപ്പെടുത്തലുമായി ഇന്ദ്രന്‍സ് വെളളിത്തിരയിലെത്തുകയാണ്. ഡോക്ടര്‍ ലൂയിസായി. സാബു ഉസ്മാന്‍ സംവിധായകനായ ലൂയിസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.
മലയാളികളുടെ മനോവ്യാപ്യാരങ്ങൾ അറിയുന്ന മനശാസ്ത്ര വിദഗ്ദ്ധനാണ് ഡോ. ലൂയിസ്. കുട്ടികളോട് കൂട്ടുകൂടുന്നയാൾ. ഓണ്‍ലൈന്‍ ലോകത്തെ ആനുകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി മലയാളികളെ പുതിയ സിനിമാ സസ്പന്‍സിലേക്ക് നയിക്കാന്‍ ഒരുങ്ങുകയാണ് ഇന്ദ്രന്‍സിന്‍റെ കഥാപാത്രവും സാബു ഉസ്മാന്റെ സിനിമയും.
ഷൂട്ടിംഗ് സമയത്തെ പ്രകടനങ്ങൾ കൊണ്ട് അണിയറ പ്രവര്‍ത്തകരുടെ മനസ്സിലെ സൂപ്പര്‍ സ്റ്റാറായി ഇന്ദ്രന്‍സ് മാറിയെന്ന് സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു. കാലം വഴിത്തിരിവിലെത്തിച്ച അഭിനയ ജീവിതത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രന്‍സ് നായക കഥാപാത്രമാകുമ്പോൾ സിനിമയ്ക്ക് അനുയോജ്യമായ നിലയില്‍ വന്‍ താര നിരയും പ്രത്യക്ഷപ്പെടുന്നുണ്ട്.
മനോജ് കെ ജയനും സായികുമാറും ജോയി മാത്യുവും ലെനയും ദിവ്യാപിളളയും ടെസ്സയും അശോകനും നവാസും അജിത്ത് കുത്താട്ടുകുളവും ഉൾപ്പടെ താരസമ്പന്നമാണ് ലൂയിസ്. ആദിനാട് ശശിയെപ്പോലെ നാടക പ്രതിഭകളും , രാജേഷ് പറവൂരും , അസീസും ഉൾപ്പെടെയുളള ടിവി താരങ്ങളും വേറിട്ട കഥാപാത്രങ്ങളായെത്തുന്നുണ്ട്.
മലയാളികൾ ഏറ്റെടുത്ത പരസ്യവാചകങ്ങളിലൂടെയും തിരക്കഥകളിലൂടെയും ഇതിനകം എഴുത്തിന്‍റെ പ്രതിഭ തെളിയിച്ച മനുഗോപാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റ് സംഗീതം നല്‍കും. ആനന്ദ് ക്യഷ്ണയുടേതാണ് ക്യാമറ. കോട്ടുപ്പളളില്‍ മൂവീസിന്‍റെ ബാനറില്‍ റ്റിറ്റി എബ്രഹാമാണ് സിനിമ തിയേറ്ററില്‍ എത്തിക്കുന്നത്.