ബോക്സോഫീസിലെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് അല്ലു അർജ്ജുൻ്റെ പുഷ്പ-2. സമീപകാലത്തെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഇന്നലെ ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് മാത്രം 175.1 കോടിയാണ് നേടിയത്.
ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷൻ എന്ന റെക്കോഡ് പുഷ്പ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ്റെ റെക്കോർഡും ചിത്രം മറികടന്നു. ഓവർസീസ് കളക്ഷൻ ഉൾപ്പെടെ കണക്കാക്കുമ്പോൾ ആദ്യദിന കളക്ഷൻ 200 കോടി കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
തെലുങ്കിൽ നിന്നാണ് ഏറ്റവും ഉയർന്ന കളക്ഷൻ ലഭിച്ചത്. 85 കോടിയാണ് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷൻ 67 കോടിയാണ്. ഇതോടെ ഷാരൂഖ് ഖാന്റെ ജവാൻ്റെ 64 കോടിയുടെ റെക്കോർഡ് മറികടക്കുകയും ചെയ്തു. തമിഴിൽ നിന്നും ആദ്യ ദിനം ഏഴ് കോടിയാണ് ലഭിച്ചത്. മലയാളത്തിൽ നിന്നും അഞ്ച് കോടിയും കർണാടകയിൽ നിന്ന് ഒരു കോടിയും ചിത്രം നേടി.