യു.എസ് ബോക്സ് ഓഫീസിന് റെക്കോർഡ് നേട്ടവുമായി മൂന്നാം ദിവസത്തിലേക്ക് കടന്ന് ‘ബാർബി’. ലോക പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചാണ് ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി തിയേറ്ററിൽ മുന്നേറ്റം തുടരുന്നത്. വെറും രണ്ട് ദിവസങ്ങൾക്കുള്ളിലാണ് ചിത്രം ബോക്സോഫീസിൽ തരംഗമായതും ചരിത്രത്തിലിടം നേടിയതും. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ 1,270 കോടിയുടെ കലക്ഷനാണ് ‘ബാർബി’ സ്വന്തമാക്കിയിരിക്കുന്നത്.
ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമറി’നൊപ്പം ഏറ്റുമുട്ടിയാണ് ബാർബി ബോക്സ് ഓഫീസിൽ തരംഗമായി മാറിയത്. ആദ്യ രണ്ട് ദിനങ്ങളിൽ നിന്ന് ബാർബി സ്വന്തമാക്കിയിരിക്കുന്നത് 1270.8 കോടി (155 മില്യൺ ഡോളർ ) രൂപയാണ്. എന്നാൽ ഇതിന്റെ പകുതിയായ 656 കോടി രൂപ മാത്രമാണ് ഓപ്പൺഹൈമറിന് നേടാനായത്. കഥാപശ്ചാത്തലം കൊണ്ട് രണ്ട് തലങ്ങളിൽ നിൽക്കുന്ന സിനിമയാണ് ബാർബിയും ഓപ്പൺഹൈമറും. എന്നിരുന്നാലും ബാർബിയുടെ നേട്ടം തെല്ലെങ്കിലും ക്ഷീണം നോളൻ ചിത്രത്തിനുണ്ടാക്കുന്നുണ്ട് എന്നത് വാസ്തവമാണ്.
പ്രേക്ഷകനെ ആസ്വദിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ബാർബിയിലുണ്ട്. അതുതന്നെയാകാം പ്രേക്ഷകനെ ചിത്രത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ കാരണവും. ഒരു വനിത സംവിധായികയുടെ മികവിൽ സൃഷ്ടിക്കപ്പെട്ട ചിത്രം എന്ന പ്രത്യേകതയും ബാർബിക്കുണ്ട്. ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളുടെ സംവിധായകരുടെ ലിസ്റ്റിൽ വനിതകളുടെ എണ്ണം വളരെ അപൂർവ്വമാണ്. ആ വിടവാണ് ഈ ബോക്സ് ഓഫീസ് ഹിറ്റോടെ ഗ്രേറ്റ ഗെർവിഗ് നികത്തിയത്.