തമിഴ് സിനിമകളിൽ തമിഴ് അഭിനേതാക്കൾ മാത്രം മതിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. സാങ്കേതിക മേഖലയിൽ ജോലിചെയ്യുന്ന ദിവസ വേതനക്കാരെ കരാർ അടിസ്ഥാനത്തിൽ പുറത്തുനിന്നും കൊണ്ടുവരുന്ന പ്രവണതയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി) ചോദ്യം ചെയ്തതെന്നും അഭിനേതാക്കൾക്ക് വിലക്കില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
‘സാങ്കേതിക കാര്യങ്ങളിൽ തമിഴ്നാട്ടിലുള്ളവർക്ക് മുൻഗണന കൊടുക്കണമെന്നാണ് അവർ പറയുന്നത്. ദിവസ വേതനക്കാരെ കരാർ അടിസ്ഥാനത്തിൽ പുറത്തുനിന്നും കൊണ്ടുവരുന്നത് തമിഴ്നാട്ടിലെ അടിസ്ഥാന വർഗ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമാകും. ഇത് മുൻനിർത്തിയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ഇത്തരത്തിലൊരു നിലപാട് എടുത്തത്. ഈ ഫെഡറേഷൻ മാത്രമല്ല മറ്റേത് സംസ്ഥാനത്തുള്ളവരാണെങ്കിലും ഇതേ ചെയ്യൂ. കേരളത്തിൽ തന്നെ ഇവിടെയുള്ള തൊഴിലാളികളെ മാറ്റിനിർത്തി പുറത്തുനിന്നുള്ളവർക്ക് ജോലി കൊടുത്താൽ എന്താകും സ്ഥിതി. ബാറ്റ പരമാവധി കുറച്ച് ഒരു തുക പറഞ്ഞാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യൂണിറ്റുകളെ തമിഴ്നാട്ടിൽ കൊണ്ടുവരുന്നത്. കേരളത്തിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിൽ ഇത്തരം ഒരു പ്രവണതയുണ്ടായാൽ നമുക്കത് അംഗീകരിക്കാൻ കഴിയുകയില്ല. അതേ നിലപാടാണ് ഫെഫ്സി സ്വീകരിച്ചത്’ എന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയോട് ഫെഫ്ക ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാളെ ചെന്നൈയിൽ ഫെഫ്സി നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.