ഇത് ഇന്ത്യയുടെ അഭിമാന നിമിഷം! ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ സിനിമ ചരിത്ര നേട്ടം സ്വന്തമാക്കിയ മനോഹര നിമിഷം. കാൻ ചലച്ചിത്രമേളയിൽ ഇന്ത്യക്ക് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻഡ് പ്രി പുരസ്കാരം നേടിയപ്പോൾ ഓരോ ഇന്ത്യക്കാരന്റെയും അഭിമാന മുഹൂർത്തമായി അത് മാറി. കാനിൽ ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ചരിത്ര നേട്ടവും ഇനി ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ന് സ്വന്തം.
ഹിന്ദി-മലയാളം ഭാഷകൾ ഉള്ള ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളി നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം. കാൻ ചലച്ചിത്രമേളയിൽ 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യ ചിത്രം കൂടിയാണിത്. അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ന്. മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. ഷോൺ ബെക്കർ സംവിധാനം ചെയ്ത അനോറയാണ് മേളയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
കാനിലെ അൺ സെർട്ടെൻ റിഗാർഡ് സെഗ്മെൻ്റിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം സ്വന്തമാക്കി ദി ഷെയിംലസ്സിലൂടെ നടി അനസൂയ സെൻഗുപ്തയും ഇന്ത്യയുടെ യശസ്സ് ഉയർത്തിയിരുന്നു. നേരത്തെ, ചലച്ചിത്ര വേദിയിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്തിയ കനി കുസൃതി ശ്രദ്ധിക്കപ്പെട്ടിരുന്നു. പാലസ്തീൻ ഐക്യദാര്ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ രൂപത്തിലുള്ള വാനിറ്റി ബാഗ് കൈയിലെടുത്താണ് കനി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.