സിനിമാ താരം ടി.എസ് രാജു അന്തരിച്ചതായി പ്രചരിച്ച വ്യാജ വാർത്തക്ക് പിന്നാലെ നടൻ അജു വർഗീസ് അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നീട് സിനിമാ-സീരിയൽ നടൻ കിഷോർ സത്യയാണ് വാർത്ത വ്യാജമാണെന്ന സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഇതോടെ സോഷ്യൽ മീഡിയയിലൂടെ രാജുവിന് അനുശോചനം അറിയിച്ചത് അബദ്ധമായിപ്പോയെന്നും മാപ്പ് ചോദിക്കുന്നതായും അജു വർഗീസ് പറഞ്ഞു.
ടി.എസ് രാജുവിനെ നേരിട്ട് വിളിച്ച് തനിക്ക് പറ്റിയ തെറ്റിൽ അജു വർഗീസ് ഖേദം പ്രകടിപ്പിച്ചു. ‘എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങൾ വ്യക്തിപരമായി ഞാൻ ജീവിതത്തിൽ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാൻ കാണിച്ചത്. എന്നാൽ കൂടി ഒരുപാട് മാപ്പ്. എന്തായാലും താങ്കൾ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതിൽ സന്തോഷം തോന്നി’യെന്നും അജു പറഞ്ഞു.
എന്നാൽ തനിക്ക് അങ്ങനെ ഒരു വ്യാജ വാർത്ത വന്നതിൽ യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. ‘എല്ലാവരും സത്യാവസ്ഥ അറിയാൻ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതിൽ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയിൽ ശത്രുക്കളില്ല. ഞാൻ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല’ എന്നും ടി.എസ് രാജു പറഞ്ഞു.