ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച് ‘ആദിപുരുഷ്’. റിലീസ് ചെയ്ത് മൂന്നാം ദിനം 300 കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് ചിത്രം. രണ്ട് ദിവസത്തിനുള്ളിൽ ചിത്രം നേടിയത് 240 കോടിയാണ്. സിനിമയുടെ നിർമ്മാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ആദ്യദിനം 140 കോടി നേടിയ ചിത്രം രണ്ടാം ദിനത്തിൽ 200 കോടി ക്ലബിൽ ഇടം നേടി. റിലീസിന് മുൻപേ ഏറെ വിവാദങ്ങൾ ഏറ്റുവാങ്ങിയ ചിത്രം ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം, സംഭാഷണം എന്നിവയ്ക്കെതിരെ നിരവധി വിമർശനങ്ങളും ട്രോളുകളും ഉണ്ടായിരുന്നു. എന്നാൽ അവയൊക്കെ മറികടന്നാണ് ചിത്രം വിജയം കൊയ്യുന്നത്.
വിഎഫ്എക്സിന് പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 700 കോടിയാണ്. ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്ന് എന്ന പേരും ആദിപുരുഷിന് സ്വന്തമാണ്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനാകുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോനാണ് സീതയായി എത്തുന്നത്. ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.