കിലുക്കത്തിലെ നന്ദിനിയായും ദേവാസുരത്തിലെ ഭാനുമതിയായുമൊക്കെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ പ്രിയതാരം രേവതിക്ക് ഇന്ന് 57-ാം പിറന്നാൾ. നർത്തകി, അഭിനേത്രി, സംവിധായിക, നിർമ്മാതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി നിരവധി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ബഹുമുഖപ്രതിഭ. 1983-ൽ ‘മൻ വാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ 17ാം വയസിലാണ് രേവതി അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. അരങ്ങേറ്റം കുറിച്ച അതേ വർഷം തന്നെ ഭരതൻ സംവിധാനം ചെയ്ത ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച രേവതി മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു.
തന്റെ കരിയറിന്റെ തുടക്കം മുതൽ അസാധാരണമായ അഭിനയ പാടവം പ്രകടിപ്പിച്ച രേവതി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ആദ്യചിത്രമായ മൻ വാസനൈക്ക് ഫിലിം ഫെയർ അവാർഡും രേവതി കരസ്ഥമാക്കി. അഞ്ച് തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും 2 തവണ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാർ ചലച്ചിത്ര പുരസ്കാരവും 1992-ൽ ഭരതൻ സംവിധാനം ചെയ്ത തേവർ മകനിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും മറ്റ് ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 2002-ൽ സംവിധായകയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള 2002-ലെ ദേശീയ പുരസ്കാരം ഈ സിനിമ നേടി. 2011-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച കേരള കഫേയിലെ മകൾ എന്ന ഹസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്. തേവർ മകൻ, മറുപടി, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. ആൺകിളിയുടെ താരാട്ട്(1987), കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ(1988), വരവേൽപ്പ്(1989), കിലുക്കം(1991), ദേവാസുരം(1993), മായാമയൂരം(1993), അഗ്നിദേവൻ(1995) എന്നിവയാണ് രേവതിയുടെ പ്രധാന മലയാള സിനിമകൾ. ഏകദേശം നാല് പതിറ്റാണ്ടുകൾ പിന്നിട്ട അഭിനയജീവിതം തുടരുന്ന പ്രിയതാരം രേവതിക്ക് പിറന്നാൾ ആശംസകൾ.