സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടൻ വിജയ്. എംജിആറിന്റെയും ജയലളിതയുടെയും വഴിയേയാണ് താരത്തിൻ്റെയും സഞ്ചാരം. ഈ പശ്ചാത്തലത്തിൽ എംജിആറുമായി വിജയിയെ താരതമ്യപ്പെടുത്തുകയാണ് സംവിധായകൻ അമീർ. വിജയ് നടപ്പുകാലത്തിലെ എംജിആർ ആണെന്നാണ് സംവിധായകൻ അമീറിൻ്റെ വിലയിരുത്തൽ.
അമീറിന്റെ വാക്കുകൾ പുറത്തുവന്നതോടെ ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു. എംജിആറിനുണ്ടായ സ്വാധീനവും താര മൂല്യവും സിനിമാ നടനെന്ന നിലവിൽ വിജയിക്ക് മാത്രമാണെന്നാണ് അമീർ പറയുന്നത്. വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തിടെ നടന്നിരുന്നു. സമ്മേളനം വൻ വിജയവുമായിരുന്നു.
വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ തുടർന്ന് സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണ്. ദളപതി 69 അവസാന സിനിമയായിരിക്കും. ദളപതി 69 സിനിമയ്ക്ക് താരം വാങ്ങിക്കുന്ന പ്രതിഫലവും ചർച്ചയായിരുന്നു. ദളപതി 69ന് 275 കോടിയായിരിക്കും താരത്തിന് പ്രതിഫലം എന്നും അതിനാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ വിജയ്യാണ് ഇന്ത്യയിൽ ഒന്നാമനെന്നുമാണ് റിപ്പോർട്ട്.