എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ മെച്ചമാണെന്ന് തോന്നിയിട്ടില്ല. അതിനാലാണ് പാർട്ടി മാറാത്തത്. കോൺഗ്രസുകാരാനായി ജനിച്ചു. അച്ഛനോടുള്ള വാക്ക് തെറ്റിക്കാതിരിക്കാൻ എന്നും കോൺഗ്രസുകാരനായിരിക്കുമെന്നാണ് സലിം കുമാർ പറഞ്ഞത്.
“എല്ലാ പാർട്ടിയും കണക്കാണ്! അപ്പോൾ പിന്നെ എന്തിനാണ് ഞാൻ മാറുന്നത്? ഞാനൊരു കോൺഗ്രസുകാരനായി ജനിച്ചു. അതിലും നല്ലതാണോ മാർക്സിസ്റ്റ് പാർട്ടി? അല്ല. അതിലും നല്ലതാണോ ബിജെപി? എല്ലാം കണക്കാ! ഓൾ ആർ മാത്തമാറ്റിക്‌സ്! എല്ലാം കണക്കാണ്. പിന്നെ ഞാനെന്തിന് മാറണം? ഇതിലും ബെറ്റർ ആണ് മറ്റേത് എന്ന് എനിക്ക് തോന്നുകയാണെങ്കിൽ ശരി. പക്ഷേ, അധികാരം കിട്ടിയാൽ എല്ലാവരും കക്കും അതിന് കോൺഗ്രസില്ല, ബിജെപിയില്ല, മാർക്സിസ്‌റ്റ് ഇല്ല, ഒന്നുമില്ല.
സാധാരണക്കാരൻ എന്നും സാധാരണക്കാരൻ തന്നെ ആയിട്ടിരിക്കും. എൻ്റെ അച്ഛൻ കോൺഗ്രസുകാരനായിരുന്നു. അതുകൊണ്ട് ഞാനും കോൺഗ്രസുകാരനായി. അപ്പോൾ അച്ഛനോടുള്ള വാക്ക് തെറ്റിക്കാതിരിക്കാൻ വേണ്ടി മരണം വരെ കോൺഗ്രസ് ആയിരിക്കും. അത്രയേ ഉള്ളൂ. അല്ലാതെന്ത് പ്രത്യേകതയാണ് കോൺഗ്രസിനുള്ളത്? ഒരു പ്രത്യേകതയും ഇല്ല. ഞാൻ അതിന്റെ പേരിൽ ഏതെങ്കിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി നടന്നിട്ടില്ല” എന്നാണ് സലിം കുമാർ തുറന്നുപറഞ്ഞത്.
ഇതോടെ താരത്തിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു. സലിം കുമാർ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഇവ തുറന്നുപറയാൻ കാണിച്ച മനസ് മികച്ചതാണെന്നുമാണ് മിക്കവരുടെയും കമന്റ്.