എമ്പുരാൻ സിനിമയുടെ കഥ പൂർണമായി അറിയുന്നത് ആകെ നാലുപേർക്ക് മാത്രമാണെന്ന് വെളിപ്പെടുത്തി നടൻ നന്ദു. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർക്കാണ് എമ്പുരാന്റെ കഥ അറിയാവുന്നതെന്നും സിനിമയിലെ വില്ലൻ ആരാണെന്ന് പോലും തനിക്കറിയില്ലെന്നുമാണ് നന്ദു തുറന്നുപറഞ്ഞത്. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
“സത്യം പറഞ്ഞാൽ എമ്പുരാനിൽ വില്ലൻ ആരാണെന്ന് എനിക്കും അറിയില്ല. ഇത് എഴുതിയ മുരളി ഗോപി, സംവിധായകൻ പൃഥ്വിരാജ്, നിർമിക്കുന്ന ആന്റണി പെരുമ്പാവൂർ, ഇതിലെ നായകൻ മോഹൻലാൽ ഇവർ നാല് പേർക്കേ ഇതിന്റെ കഥ എന്തെന്ന് അറിയുകയുള്ളൂ. മോഹൻലാലിൻ്റെ കഥാപാത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. ഇതിലും രണ്ട് കഥാപാത്രങ്ങളുണ്ട്. അതുകൊണ്ടു തന്നെ രണ്ട് ട്രാക്കുകളുമുണ്ട്. ഇതിൽ ഏത് ട്രാക്കാ, എങ്ങനെയാ പോകുന്നതെന്ന് കാട് കയറി ചിന്തിക്കേണ്ട കാര്യം ഇല്ല. നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ.
ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാൻ പറയൂ. ഇത് തിയറ്ററിൽ കാണുമ്പോൾ ഉള്ള ഒരു സുഖം ഇല്ലേ. അത് ഫീൽ ചെയ്താൽ മതി. കഥ അറിഞ്ഞാൽ ആ ഫീൽ പോയില്ലേ? ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയേറ്ററിൽ കാണുമ്പോൾ ഉള്ള എക്സ്പീരിയൻസ് ആണ് കാത്തിരിക്കുന്നത്“ എന്നാണ് നന്ദു പറഞ്ഞത്.