‘ൻ്റെ കൊച്ചു മുതലാളി…’ പരീക്കുട്ടിയെ നോക്കി കറുത്തമ്മ വിളിച്ചു. കടപ്പുറത്ത് പാടി പാടി മരിക്കുമെന്ന് പറഞ്ഞ് ദൂരേക്ക് മറയുന്ന പരീക്കുട്ടിയെ നോക്കി കറുത്തമ്മ വിതുമ്പി. കേരളക്കര ആ വിളി കേട്ടു. കറുത്തമ്മയെ നെഞ്ചിലേറ്റി, കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും നഷ്ട പ്രണയത്തെയും. 1965-ൽ പുറത്തിറങ്ങിയ ചെമ്മീനിലെ കറുത്തമ്മയെ മലയാളികൾ നെഞ്ചിലേറ്റിയതിൽ വലിയ പങ്കും ഈ ഡയലോഗിനുണ്ട്. എക്കാലത്തെയും മികച്ച ആ കഥാപാത്രത്തിന് ജീവൻ നൽകി മലയാള സിനിമയ്ക്ക് സമ്മാനിച്ച ആ അതുല്യ കലാകാരിയ്ക്ക് ഇന്നും ആരാധകരേറെ. ഷീല, പ്രിയപ്പെട്ട ഷീലാമ്മ.
ആറു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം. കറുത്തമ്മയായും കള്ളി ചെല്ലമ്മയായും കടത്തനാട്ട് മാക്കമായും പതിറ്റാണ്ടുകൾക്ക് മുമ്പേ സൂപ്പർ താരമായി. കൊമ്പനക്കാട്ടെ കൊച്ചു ത്രേസ്യയായും അമ്മുക്കുട്ടി അമ്മയായും ഈ കാലഘട്ടത്തിൻ്റെ കഥാപാത്രങ്ങളെയും ഷീല അവിസ്മരണീയമാക്കി. പ്രണയവും വിരഹവും ഹാസ്യവും കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണതകളുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച ഷീല. മലയാളത്തിൻ്റെ ആദ്യ വനിതാ സൂപ്പർസ്റ്റാറിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ ചലച്ചിത്ര രംഗങ്ങള്‍ ഇന്നും മറക്കാനാവാത്തതാണ്. മലയാളത്തിലും തമിഴിലും തൻ്റേതായ ഇടം സൃഷ്ടിച്ചെടുത്ത ഒരു അതുല്യ കലാകാരി.
തൃശൂർ കണിമംഗലത്തെ ആൻ്റണിയുടെയും ഭാര്യ ഗ്രേസിയുടെയും മകളായ ഷീല സെലിൻ റെയിൽവേ ടിക്കറ്റ് എക്സാമിനറായ അച്ഛൻ്റെ സ്ഥലം മാറ്റം മൂലം വിവിധ സ്ഥലങ്ങളിലായിരുന്നു പഠനം പൂർത്തിയാക്കിയത്. അന്ന് നാടകത്തിൽ അഭിനയിച്ച 40 രൂപയുമായി അമ്മയുടെ അടുത്ത് ചെന്നപ്പോൾ ഇനി അഭിനയിക്കരുതെന്ന് അമ്മ വിലക്കി. സിനിമ കാണുന്നത് പാപമാണെന്ന് പറഞ്ഞ അച്ഛൻ ഒരിക്കൽ സിനിമ കണ്ട് വന്നതിന് കുമ്പസാരിച്ചിട്ട് വീട്ടിൽ കയറിയാൽ മതി എന്ന് പറഞ്ഞു, അടിക്കുകയും ചെയ്തു. പിന്നീട് കുടുംബത്തിൻ്റെ നിലനിൽപ്പിന് വേണ്ടി ഷീലയ്ക്ക് ഒരു സിനിമാ നടി തന്നെ ആവേണ്ടി വന്നു. നടിയായതിന് ശേഷം പള്ളിക്കാർ തന്നെ നൽകിയ സ്വീകരണത്തിൽ ഈ കഥ ഷീല പങ്കുവച്ചിട്ടുണ്ട്.
17-ആം വയസ്സിൽ സാക്ഷാൽ പുരട്ച്ചി തലൈവർ എംജിആര്‍ നായകനായ തമിഴ് ചിത്രം ‘പാശ’ത്തിലൂടെ സിനിമാലോകത്തേക്ക്. അവിടെവച്ച് ഒരു പേരുമാറ്റം നടന്നു. സരസ്വതി ദേവി, അങ്ങനെ ഷീലയ്ക്ക് പുതിയ പേര് ലഭിച്ചു. പക്ഷെ പി ഭാസ്കരൻ ഷീലയെ കണ്ടതോടെ സരസ്വതി ദേവി വീണ്ടും ഷീലയായി. ഭാസ്കരന്റെ ‘ഭാഗ്യജാതകമായി’ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. ‘ഷീലാ യുഗ’ത്തിന്റെ തുടക്കമായിരുന്നു അത്. ഒന്നിനുപിറകെ ഒന്നായി വിജയിക്കുന്ന ചിത്രങ്ങള്‍. ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍. ചെമ്മീന്‍, അടിമകള്‍, കള്ളിച്ചെല്ലമ്മ, യക്ഷഗാനം, ഒരുപെണ്ണിൻ്റ കഥ, ഈറ്റ, അശ്വമേധം, നിഴലാട്ടം, ശരപഞ്ചരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കലിക, അഗ്നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ് വേ മയം, പഞ്ചവന്‍ കാട്, കാപാലിക… വിജയ ചിത്രങ്ങൾക്ക് ഫുൾ സ്റ്റോപ്പില്ല. ഷീല തലമുറകളുടെ ഹരമായി മാറി. നായകന്മാർ അടക്കി വാണ സിനിമാലോകത്ത് ഷീല ശക്തമായ സ്ത്രീ സാന്നിധ്യമായി നിലകൊണ്ടു.
പ്രേം നസീര്‍, സത്യന്‍,മധു, ജയന്‍, സോമന്‍, സുകുമാരന്‍, കമലഹാസന്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി ഷീല. നായകന്മാരേക്കാള്‍ പ്രതിഫലം പറ്റുന്ന നടിയായി ഷീല അതിവേഗം വളര്‍ന്നു. സിനിമാ ലോകത്തിൻ്റെ ചരിത്രത്തിലേക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന സുവർണ നിമിഷത്തിനും ഷീല നിമിത്തമായി. നൂറ്റിയമ്പതിലധികം സിനിമകളില്‍ നായികാ നായകന്മാരായി അഭിനയിച്ചതിൻ്റെ ലോക റെക്കോർഡ് പ്രേം നസീറിനൊപ്പം ഷീല പങ്കുവച്ചു. മലയാള സിനിമയുടെ മികച്ച നായിക നായകന്മാരായി ഷീലയും പ്രേം നസീറും. അത് മാത്രമോ, ഓസ്കാർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ‘ചെമ്മീനിലെ’ നായിക എന്ന ബഹുമതിയും ഷീലയുടെ സിനിമാ ജീവിതത്തിലെ നാഴികകല്ലായി.
പക്ഷെ, 1980-ൽ രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന വിജയകരമായ സിനിമാ ജീവിതത്തിൽ നിന്ന് ഷീല ഒരു ഇടവേളയെടുത്തു. മലയാള സിനിമയുടെ നെറുകയിൽ നിന്ന ഷീല ഇടവേളയെടുത്തത് എന്തിനായിരിക്കും…?
തമിഴ് നടൻ രവിചന്ദ്രനുമായുള്ള വിവാഹവും കുറച്ച് വർഷങ്ങൾ മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതവും അതിലുണ്ടായ തകർച്ചയും ഷീലയെ അസ്വസ്ഥയാക്കി. അവർ ഏകാന്ത ജീവിതം നയിച്ചു. കൂട്ടിന് മകൻ വിഷ്ണു(ജോർജ്)വും വരയും മാത്രം. ഷീലയിലെ ഒളിഞ്ഞു കിടന്നിരുന്ന ചിത്രകാരിയെയാണ് പിന്നീട് ലോകം കണ്ടത്. അതിനിടെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയെങ്കിലും വിജയം കണ്ടില്ല. ‘ശിഖരങ്ങള്‍’,’യക്ഷഗാനം’ എന്നിവ ഷീല എന്ന സംവിധായികയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. ഈ രണ്ട് ചിത്രങ്ങളുടെയും കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് ഷീല തന്നെ. ‘പത്താമത്തെ ചെക്ക്’ എന്ന നോവലും ഷീലയുടേതായി പുറത്തിറങ്ങി. ‘കുയിലിൻ്റെ കൂട്’ എന്ന പേരില്‍ ഒരു പുസ്തകവും അവർ രചിച്ചിട്ടുണ്ട്.
സിനിമയിലേക്ക് ഒരു തിരിച്ചു വരവ് ഷീലയ്ക്ക് ആവശ്യമായിരുന്നു. 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ അവർ രണ്ടാം വരവ് നടത്തി. ജയറാമിനൊപ്പമെത്തിയ കൊമ്പനക്കാട്ടു കൊച്ചു ത്രേസ്യയെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. കളഞ്ഞുപോയെന്ന് കരുതിയ അതുല്യ പ്രതിഭയെ മലയാള സിനിമയ്ക്ക് തിരിച്ചു കിട്ടിയതിൻ്റെ സന്തോഷമായിരുന്നു എല്ലാവർക്കും. പിന്നെയും അവർ സിനിമയിൽ വേഷമിട്ടു. ‘അകലെ’, ‘പൊന്മുടി പുഴയോരത്ത്’, ‘പതാക’, ‘ട്വന്റി 20’, ‘നായിക’, ‘സ്‌നേഹവീട്’….ന്യൂ ജനറേഷൻ നടന്മാർക്കൊപ്പവും ഷീല അതി ഗംഭീര പ്രകടനങ്ങൾ കാഴ്ചവച്ചു. മൂന്ന് തവണ കേരള സംസ്ഥാന അവാർഡ് നേടിയ ഷീലയെ 2019ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി കേരളം ആദരിച്ചു. എന്നാൽ 20 വർഷം നായികയായി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും ഒരിക്കൽ പോലും ഷീലയ്ക്ക് നാഷണൽ അവാർഡ് ലഭിച്ചില്ല.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു ഭാഷകളിലായി 475ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ട ഷീല. വേൾഡ് റെക്കോർഡിന് ഉടമ. പ്രായമേറും തോറും അഭിനയവും സിനിമയും മാത്രം സ്വപ്നം കണ്ട് കിടക്കുന്ന മധുരപതിനാറ് കാരിയായി, പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. മലയാളത്തിൻ്റെ അഭിനയ സൗന്ദര്യം, ഷീല.. മലയാളികളുടെ സ്വന്തം ഷീലാമ്മ.