സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായ മാളികപ്പുറം സിനിമയുടെ തിരക്കഥകൃത്ത് അഭിലാഷ് പിളള പുതിയ സന്തോഷത്തിലാണ്. പുതിയ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കവേ ഏഷ്യാ ലൈവിനോട് പ്രതികരിച്ചു. മാസ്സും എൻ്റർടെയ്മെൻ്റുമൊക്കെ കൂടിക്കലർന്ന കുടുംബചിത്രമായിരിക്കും അടുത്ത സിനിമയെന്നും അഭിലാഷ് പറയുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നിയെന്ന കൊച്ചു ഗ്രാമത്തിൽ നിന്നാണ് അഭിലാഷ് പിളള സിനിമയുടെ ലോകത്തെത്തിയത്. അതുകൊണ്ടുതന്നെ ഓരോ കഥകളും മനസ്സിൽ നിന്ന് തൂലികയിലേക്കെത്തുമ്പോൾ നാടും നാട്ടുജീവിതങ്ങളും അനുഭവങ്ങളും തിരക്കഥയിലേക്കെത്തും. അതുകൊണ്ടുതന്നെയാണ് തൻ്റെ കഥകൾ കുടുംബപ്രേക്ഷരുടെ ഇഷ്ടം നേടുന്നതെന്നും അഭിലാഷ് കരുതുന്നു.
മാളികപ്പുറം സിനിമ ജിവിതത്തിൽ മാറ്റങ്ങളെത്തിച്ചു. ഷാർജ പുസ്തകമേളയിലും മലയാളികൾ തന്നെ തിരിച്ചറിയുന്നത് സന്തോഷം നൽകുന്നു.ചെറുപ്പകാലത്തെ കേട്ടറിഞ്ഞ മഹാമേളയിൽ പങ്കെടുക്കാൻ സാധിച്ചത് തന്നെ ഭാഗ്യമാണ്. മാത്രമല്ല, പുസ്തകരൂപത്തിലുളള മാളികപ്പുറം സിനിമയുടെ തിരക്കഥ മേളയിൽ വിൽപ്പനെയ്ക്കെത്തിയതും സ്വപ്നതുല്യമാണ്. പ്രേക്ഷകരോടും ഈശ്വരനോടും നന്ദി പ്രകാശിപ്പിക്കുകയാണ് അഭിലാഷ് പിളള.
പുതിയ സിനിമ സൂപ്പർ സ്റ്റാർ ചിത്രമായിരിക്കുമെന്ന് സൂചനകളും അഭിഷാഷ് നൽകുന്നു. മാളികപ്പുറം സിനിമയുടെ അതേ ടെക്നിക്കൽ ടീം തന്നെയാണ് പുതിയ ചിത്രത്തിൻ്റേയും അണിയറയിൽ ഉണ്ടാവുക. മാളികപ്പുറം സിനിമയിൽ ശ്രദ്ധേയകഥപാത്രങ്ങൾ ചെയ്ത കുട്ടികളും പുതിയ ചിത്രത്തിലുണ്ടാകും.
നൈറ്റ് ഡ്രൈവ്, പത്താം വളവ് തുടങ്ങിയ മലയാള സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയായ അഭിലാഷ് പിള്ള പുതിയ കഥകൾക്ക് പിന്നാലെയുളള ഓട്ടത്തിലാണ്. അതേസമയം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം നൂറ് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.