മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാളാശംസകളുമായി എത്തിയത്. ‘എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ’ എന്നാണ് താരം കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധിയാളുകൾ മോഹൻലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നുണ്ട്.
മായ എന്ന് വിളിപ്പേരുള്ള വിസ്മയയ്ക്ക് എഴുത്തിനോടും ആയോധന കലകളോടും യാത്രകളോടുമാണ് ഏറെ ഇഷ്ടം. സഹോദരൻ പ്രണവ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയപ്പോൾ എഴുത്തിൻ്റെ വഴിയിലൂടെയായിരുന്നു വിസ്മയയുടെ സഞ്ചാരം. വിസ്മയയുടെ ആദ്യപുസ്തകമാണ് നേരത്തെ പുറത്തിറങ്ങിയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനടക്കം നിരവധി പേർ വിസ്മയയുടെ പുസ്തകത്തിന് അഭിനന്ദനങ്ങളുമായി എത്തിയത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
ഈയടുത്ത് അമ്മ സുചിത്രയുടെ ഏറെ കാലമായുള്ള ആഗ്രഹം വിസ്മയ സാധിച്ചുകൊടുത്തതും സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു. ചെറുപ്പം മുതൽ ആരാധിക്കുന്ന ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാൻ സുചിത്രയെ മകൾ കൊണ്ടുപോയതായിരുന്നു സംഭവം. അമ്മ ആവേശത്തോടെ പരിപാടി ആസ്വദിക്കുന്ന വീഡിയോ വിസ്മയ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.