സിനിമയെ വെല്ലുന്ന പരസ്യങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- വി.എ ശ്രീകുമാർ കൂട്ടുകെട്ട് വീണ്ടും കാഴ്ചക്കാരെ ആകർഷിക്കാൻ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം വി.എ ശ്രീകുമാറിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ട ഒരു പ്രമോ വീഡിയോയാണ് മലയാളികളിൽ ആകാംക്ഷ സൃഷ്ടിച്ചത്. ഒടിയൻ സിനിമയ്ക്കു ശേഷം വി.എ ശ്രീകുമാറും മോഹൻലാലും ഒന്നിക്കുന്ന മറ്റൊരു സിനിമ എന്നായിരുന്നു എല്ലാവരും ആദ്യം കരുതിയത്. എന്നാൽ അതൊരു പരസ്യചിത്രമാണെന്ന് പിന്നീടാണ് മനസിലായത്. ടീസർ പുറത്ത് വന്നതിന് പിന്നാലെ രണ്ട് മില്യൺ ആളുകളാണ് വീഡിയോ കണ്ടത്.
പ്രശസ്തമായ ”നാർക്കോ” സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിന്റെ സംഘത്തെ കമാന്റോ സംഘം തടയുന്നതും, ലേഡി ചീഫിനു മുന്നിലേയ്ക്ക് ഇരു കൈകളും ഉയർത്തി മോഹൻലാൽ നടന്നടുക്കുന്നതുമാണ് ടീസറിലുള്ളത്. പിടിക്കപ്പെട്ടു കഴിഞ്ഞു, എന്ന് ലേഡി ചീഫ് പറയുന്നു. ഏതു ബ്രാൻഡിനു വേണ്ടിയുള്ള പരസ്യചിത്രമാണ് ഇതെന്ന് ഇനിയും വെളിപ്പെടുത്താതെ ആകാംഷ നിലനിർത്തുകയാണ് വി.എ ശ്രീകുമാർ.
വി.എ ശ്രീകുമാർ ഇതിന് മുൻപും സിനിമയെ വെല്ലുന്ന പരസ്യങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിച്ച, ”നിങ്ങളില്ലെതെ എനിക്ക് എന്ത് ആഘോഷം” എന്ന പരസ്യവാചകവും ആഘോഷവും വി.എ ശ്രീകുമാറിന്റെ ഏറെ ശ്രദ്ധയാകർഷിച്ച പരസ്യമാണ്.
മണപ്പുറം ഗോൾഡ് ലോൺ, മൈജി, കൊച്ചി മാരത്തണിൽ ആദ്യവർഷം മിൽഖാസിങ്ങും രണ്ടാം വർഷം ഹർഭജൻ സിങ്ങുമൊത്ത് മോഹൻലാൽ പങ്കെടുത്ത പ്രചാരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ മോഹൻലാൽ ടേസ്റ്റ് ബഡ്സിനു വേണ്ടിയുള്ള രുചികരമായ പരസ്യങ്ങളും ശ്രീകുമാറിന്റെ സിവിധാനത്തിൽ അദ്ദേഹത്തിന്റെ പുഷ് 360 എന്ന പരസ്യ ഏജൻസിയാണ് പുറത്തിറക്കിയത്. പുഷിന്റെ പാലക്കാട് ഓഫീസ് മോഹൻലാൽ ഈയിടെ സന്ദർശിക്കുകയും ചെയ്തിരുന്നു. മുപ്പത് വർഷം നീളുന്ന പുഷിന്റെയും ശ്രീകുമാറിന്റെയും യാത്രയിൽ മോഹൻലാൽ അവതരിപ്പിച്ച പരസ്യ ചിത്രങ്ങൾ നാഴികക്കല്ലുകളാണ്.
മലക്കോട്ടൈ വാലിബന്റെയും പുതിയ പരസ്യ ചിത്രത്തിന്റെയും ഡിഒപി നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആർട്ട് കൈകാര്യം ചെയ്തിരിക്കുന്നത്. ജനുവരി 20ന് ശനിയാഴ്ച മോഹൻലാൽ നേരിട്ട് പരസ്യചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രീകരിച്ച രണ്ടു പരസ്യ ചിത്രങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. മാത്രമല്ല, ഒരു ബിസ്ക്കറ്റ് ബ്രാൻഡിനു വേണ്ടിയുള്ള പരസ്യമാണ് ഇതെന്നാണ് അഭ്യൂഹം.